കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു, കരുത്ത് തെളിയിച്ച് കെസി ഗ്രൂപ്പ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളിലുള്ള മാറ്റത്തിന്റെ സൂചന. കേരളത്തിലെ കോണ്‍ഗ്രസില്‍ പുതുതായി രൂപപ്പെട്ട കെ സി വേണുഗോപാല്‍ പക്ഷത്തിനാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്. കെ സുധാകരന്‍, വി ഡി സതീശന്‍ പക്ഷത്തിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
സ്വന്തം തട്ടകമായ കണ്ണൂരില്‍ സുധാകരന് കനത്ത തിരിച്ചടിയേറ്റു. ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ സ്വന്തം നോമിനിയെ വിജയിപ്പിക്കാന്‍ സുധാകരന് സാധിച്ചില്ല. സുധാകര പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ ഫര്‍സീന്‍ മജീദിനെ പരാജയപ്പെടുത്തി എ ഗ്രൂപ്പിന്റെ വിജില്‍ മോഹനനാണ് ജില്ലാ പ്രസിഡന്റായത്. ഫലം പിടിച്ചുവെച്ച എറണാകുളത്ത് സതീശന്റെ സ്ഥാനാര്‍ഥി പരാജയപ്പെട്ടു.

അതേസമയം തൃശൂര്‍ ജില്ല സുധാകരന്‍ പക്ഷം പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളില്‍ എ ഗ്രൂപ്പിനാണ് ജയം. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് ഐ ഗ്രൂപ്പിന് വിജയിക്കാനായത്.എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ് ആണ് സ്വന്തമാക്കിയത്.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എ ഗ്രൂപ്പാണെങ്കിലും വൈസ് പ്രസിഡന്റ് പോസ്റ്റില്‍ അടക്കം എണ്ണത്തില്‍ കൂടുതല്‍ പേരെ ജയിപ്പിച്ചത് കെ സി വേണുഗോപാല്‍ പക്ഷമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസിഡന്റാകുമ്പോള്‍ പ്രസിഡന്റ് ഡെലിഗേറ്റുകളായി യോഗ്യത നേടിയ അബിന്‍ വര്‍ക്കിയും അരിത ബാബുവും വൈസ് പ്രസിഡന്റുമാരാവും.
ഇവര്‍ക്ക് പുറമേ വിഷ്ണു സുനില്‍, അനുതാജ്, വൈശാഖ് എസ് ദര്‍ശന്‍, ജനീഷ് ഒ ജെ, ഷിബിന വി കെ എന്നിവരും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെടും. ഇതില്‍ അരിത ബാബുവും വൈശാഖ് എസ് ദര്‍ശനും കെ സി വേണുഗോപാല്‍ ഗ്രൂപ്പിന്റെ നോമിനികളാണ്. കൊടിക്കുന്നില്‍ സുരേഷിന്റെ അനുയായിയാണ് അനുതാജ്. എ ഗ്രൂപ്പ് എതിര്‍പ്പിനിടയിലും ചാണ്ടി ഉമ്മന്റെ പിന്തുണ ലഭിച്ചയാളാണ് വിഷ്ണു സുനില്‍.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ആകെ 7,29,626 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 2,16,462 വോട്ടുകള്‍ അസാധുവായി. മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മരണവും പിന്നാലെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നത് വൈകിച്ചു.












Click it and Unblock the Notifications