മുഖ്യമന്ത്രിക്കെതിരായ വധശ്രമം: ഇന്‍ഡിഗോ വിമാനത്തില്‍ പരിശോധന നടത്തി പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമ കേസുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനത്തില്‍ പൊലീസ് പരിശോധന നടത്തുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലുമായി പൊലീസസ് മഹസര്‍ തയ്യാറാക്കുകയാണ്. അനിലിന്റെ പരാതിയില്‍ ആണ് പൊലീസ് കേസെടുത്തത്. ഇന്‍ഡിഗോ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെ വിവരവും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു.

കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ച് എ സ് പി പ്രജീഷ് തോട്ടത്തിലിന് നല്‍കിയ നിര്‍ദ്ദേശം. കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതിക്കായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അറസ്റ്റിലായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, വിമാനക്കമ്പനി നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് വിമാനക്കമ്പനി ഇന്‍ഡിഗോ നല്‍കിയത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെ, മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോ പറയുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തെ കുറിച്ച് ഇന്‍ഡിഗോ എയര്‍പേര്‍ട്ട് മാനേജര്‍ പോലീസിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കണ്ണൂര്‍ സ്വദേശിയായ എയര്‍പോര്‍ട്ട് മാനേജര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ നിന്ന് ഇ.പി ജയരാജന്റെ പേര് ഒഴിവാക്കിയതും ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജരെക്കൊണ്ട് മറുപടി പറയിക്കും. പ്രതിഷേധക്കാരെ തള്ളി നിലത്തിട്ടെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. കുറ്റവാളിയായ ജയരാജനെ രക്ഷിക്കാന്‍ ഇന്‍ഡിഗോ മനേജര്‍ റിപ്പോര്‍ട്ടില്‍ ശ്രമിച്ചിരിക്കുന്നത്. കൊല്ലാന്‍ ശ്രമിച്ചെന്ന് പറയുന്നതും കള്ളത്തരമാണ്. മുഖ്യമന്ത്രി പുറത്ത് പോയതിന് ശേഷമാണ് പ്രതിഷേധം... പ്രതിഷേധം... എന്ന മുദ്രാവാക്യം വിളിച്ചതെന്ന് ഇ.പി.ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്.

പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചതിന് ശേഷമാണ് കൊല്ലാന്‍ ശ്രമിച്ചെന്നും മദ്യലഹരിയില്‍ ആയിരുന്നെന്നുമുള്ള കള്ളം ജയരാജന്‍ പറഞ്ഞത്. വ്യാജ റിപ്പോര്‍ട്ട് നല്‍കിയ ഇന്‍ഡിഗോ മാനേജര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ട് വിമാന കമ്പനിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം ആഭിമുഖ്യമുള്ള അസിസ്റ്റന്റ് കമ്മീഷണറും സി.പി.എം നേതാക്കളും ചേര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications