കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍കിട ക്വാറി മാഫിയക്കെതിരെ പരാതി നല്‍കിയ യുവാവിന്റെ ദുരൂഹ മരണം, പോലീസ് അവസാനിപ്പിക്കുന്നു, നാട്ടുകാരും വീട്ടുകാരും പ്രക്ഷോഭത്തിന്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വന്‍കിട ക്വാറി മാഫിയക്കെതിരെ പരാതി നല്‍കിയ യുവാവിന്റെ ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. കഴിഞ്ഞ 18ന് മരണപ്പെട്ട പുളിക്കല്‍ ചെറുകാവ് വെട്ടുക്കാട്ടില്‍ സത്യന്റെ(45) ദൂരുഹമരണത്തെ കുറിച്ചുള്ള അന്വേഷണമാണു മൂന്നുദിവസത്തിനകം പോലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. വന്‍രാഷ്ട്രീയ സ്വാധീനമുള്ള പ്രമുഖ വ്യവാസിയിയുടെ ക്വാറിക്കെതിരെ പരാതി നല്‍കുകയും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സത്യന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലാണു കഴിഞ്ഞ 18ന് നാട്ടുകാര്‍ കണ്ടെത്തിയത്. കഴിഞ്ഞ 15ന് കാണാതായ സത്യന്റെ മരണത്തില്‍ ഏറെ ദുരൂഹത നിലനില്‍ക്കുമ്പോഴാണു പോലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത്.

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും സത്യനെതിരെ ക്വാറി മാഫിയ വധഭീഷണി മുഴക്കിയിരുന്നതായും സഹോദരി സുമതി പറഞ്ഞു. സഹോദരനെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ ജീവനോടെകാണില്ലെന്നു ക്വാറി മാഫിയ സംഘം ഭീഷണിപ്പെടുത്തിയതായും സഹോദരി പരാതിപ്പെടുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടിയാണു പോലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത്. രക്തസ്രാവം മൂലമാണു മരണപ്പെട്ടതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് കേസന്വേഷിക്കുന്ന കൊണ്ടോട്ടി എസ്.ഐ: കെ.ആര്‍ രഞ്ജിത് പറഞ്ഞു.

sathyan

സത്യന്‍ കിഡ്‌നിരോഗികൂടിയായിരുന്നതിനലാകും ഇത്തരത്തില്‍ മരണം സംഭവിക്കാന്‍ കാരണമെന്നും പോലീസ് പറയുന്നു. എന്നാല്‍ സത്യന് ഇതിനു മുമ്പു ദേഹാസ്വസ്ത്യമടക്കം ഒന്നും ഉണ്ടായിട്ടില്ലെന്നും മൃതദേഹം കണ്ടെത്തിയ സ്ഥലവും സന്ദര്‍ഭവും അടക്കം ദൂരുഹത ഉയര്‍ത്തുന്നതാണെന്നും വീട്ടുകാരും സുഹൃത്തുക്കളും ആരോപിച്ചു.സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനായി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ ഒരുമിച്ചു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു സമര രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ്. പുളിക്കല്‍മേഖല കേന്ദ്രീകരിച്ചു പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും വന്‍വ്യവസായികള്‍ക്കും ഏക്കര്‍കണക്കിന് വരുന്ന സ്ഥലത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്തുവിലകൊടുത്തും സംഘം ഇവിടെ തമ്പടിക്കൊനുങ്ങുന്ന അവസ്ഥയാണെന്നും പരാതികളുണ്ട്. ഇതിനെതിരെയാണു സത്യന്‍ സമര രംഗത്തിറങ്ങിയത്.

വന്‍രാഷ്ട്രീയ സ്വാധീനമുള്ള പ്രമുഖ വ്യവസായിയയുടെ ക്വാറിസ്ഥലത്തേക്ക് സത്യന്‍അടക്കമുള്ളവര്‍ താമസിക്കുന്ന എസ്.സി, എസ്.ടി കോളനിയിലൂടെയുള്ള റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്യുന്നത് സത്യന്‍ തടഞ്ഞിരുന്നു. ഇതിനുപുറമെ ക്വാറി മാഫിയക്കെതിരെ സത്യന്‍ വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു. ഈ സമയത്താണ് സത്യനെതിരെ ക്വാറി മാഫിയയുടെ ഭീഷണി ഉയര്‍ന്നത്. സത്യനെതിരെ അക്രമണം പ്രതീക്ഷിക്കാമെന്നു സുഹൃത്തുക്കള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ സമയത്താണു ദുരൂഹ മരണം സംഭവിച്ചത്.

വന്‍തോക്കുകളാണു പിന്നിലെന്നതിനാലാണു പോലീസ് അടക്കമുള്ളവര്‍ കേസിനെ ലഘൂകരിച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപണം. നാട്ടുകാരായ പലര്‍ക്കും സത്യന്റെ മരണത്തില്‍ ദൂരുഹത തോന്നുന്നുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാന്‍ഭയമാണ്. ക്വാറിമാഫിയകളോടുള്ള ഭയമാണ് ഇതിന് കാരണം.കഴിഞ്ഞ 15ന് വീട്ടില്‍നിന്നും കാണാതായ സത്യന്റെ മൃതദേഹം 18ന് രാവിലെ 9.30ന് വീട്ടില്‍നിന്നും 150 മീറ്ററോളം അപ്പുറത്തുള്ളപറമ്പിലാണുകണ്ടെത്തിയത്.

സത്യന്റെ വീടിന് സമീപം താമസിക്കുന്ന സ്ത്രീ ഇവരുടെ വീട്ടിലേക്കു വരുന്ന വഴി ദുര്‍ഗന്ധം വമിക്കുന്നതുകണ്ടു നോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്. 15ന് ഉച്ചയ്ക്കുവരെ സത്യനെ അങ്ങാടിയില്‍ കണ്ടതായി സുഹൃത്തുക്കള്‍ പറയുന്നു. തുടര്‍ന്നു ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അവിവാഹിതനായ സത്യന്‍ രണ്ടു സഹോദരിമാര്‍ക്കൊപ്പമാണു താമസം.

മൃതദേഹത്തിന്റെ അകലെനിന്നും ചെരുപ്പ് കണ്ടെത്തിയതും മരണത്തിന്റെ ദൂരൂഹത വര്‍ധിപ്പിക്കുന്നതായി നാട്ടുകാരും വീട്ടുകാരും പറയുന്നു. രണ്ടുമൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന സത്യന്‍ സാധാരണ കാല്‍നടയാത്രപോകുമ്പോള്‍ ഒരു ഫോണ്‍ എപ്പോഴും കയ്യില്‍തന്നെ സൂക്ഷിക്കാറുണ്ടെന്നും എന്നാല്‍ മൃതദേഹത്തിന്റെ ട്രൗസറിന്റെ കീശയിലായിരുന്നു രണ്ടുഫോണുകളെന്നും സത്യന്റെ അടുത്ത സുഹൃത്ത് പറയുന്നു. സംഭവ സമയത്ത് ഇന്‍ക്വസ്റ്റ് നടത്താന്‍വന്ന എസ്.ഐയോട് മരണത്തില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ താന്‍ എന്നെ പഠിപ്പിക്കേണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തുകയായിരുന്നുവെന്നും സത്യന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

English summary
youth death after complaint against quari mafia; family suspicious about it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X