വേണ്ടി വന്നാല്‍ ഒരു വരവ് കൂടി വരും; വമ്പന്‍ മാര്‍ച്ച് പ്രഖ്യാപിച്ച് പികെ ഫിറോസ്, പ്രതിഷേധാഗ്നി
വമ്പന്‍ പ്രതിഷേധത്തിനാണ് യൂത്ത് ലീഗ് ഒരുങ്ങാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു

കോഴിക്കോട്: സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധത്തിന് യൂത്ത് ലീഗ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് കോഴിക്കോട് നടത്തി. കളക്ട്രേറ്റുകളിലേക്ക് ഒരാഴ്ച നീളുന്ന മാര്‍ച്ച് സംഘടിപ്പിക്കുന്നതടക്കം വ്യത്യസ്തമായ പ്രതിഷേധ രീതിയാണ് യൂത്ത് ലീഗ് ആലോചിക്കുന്നത്. വില്ലേജ് ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തും. വേണ്ടി വന്നാല്‍ മന്ത്രിമാരെ വഴിയില്‍ തടയുന്നതടക്കമുള്ള സമരങ്ങള്‍ നടത്തുമെന്നും പികെ ഫിറോസ് പ്രഖ്യാപിച്ചു.
മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എല്ലാ നേതാക്കളും സമരത്തിന് മുന്നിലുണ്ടാകും. നിങ്ങള്‍ കൂടെ നില്‍ക്കില്ലേ എന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ചോദിച്ചു. പ്രവര്‍ത്തകര്‍ ആരവം മുഴക്കി സമ്മതിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരം നടത്തിയതിനാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ 16 ദിവസം ജയിലിലടച്ചത്. കമ്മീഷനുകള്‍ പറ്റുന്നവര്‍ക്ക് ഇവിടെ സുഖവാസമാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.
ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് കേട്ടത് പെട്രോളിന്റെയും ഡീസലിന്റെയും സെസ് രണ്ടു രൂപ വര്‍ധിപ്പിച്ചു എന്നാണ്. ജനകീയ സമരം നടക്കണം. യൂത്ത് ലീഗ് മുന്നില്‍ നില്‍ക്കും. വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വേണ്ടി വന്നാല്‍ തിരുവനന്തപുരത്തേക്ക് ഒരു വരവ് കൂടി ഞങ്ങള്‍ വരും. ഇനിയും വരാന്‍ തയ്യാറുള്ള പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ യൂത്ത് ലീഗിനുണ്ടെന്നും പികെ ഫിറോസ് പറഞ്ഞു.
വെടിയേറ്റ് മരിച്ച മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരൊന്നും സഹിച്ച ത്യാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ ജയില്‍വാസമൊന്നുമല്ല. യുവജന കമ്മീഷനുണ്ടാക്കി അതിനൊരു അധ്യക്ഷയെയും നിയമിച്ചു. മാസ ശമ്പളം ഒരു ലക്ഷം രൂപ. അവര് റിസോര്‍ട്ടില്‍ താമസിക്കുന്നു. യുവജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച യൂത്ത് ലീഗുകള്‍ ജയിലിലും. എത്ര ചങ്കുള്ള മുഖ്യമന്ത്രിയാണെങ്കിലും ഇന്ധന സെസ് പിന്‍വലിപ്പിക്കും വരെ തെരുവില്‍ യൂത്ത് ലീഗുണ്ടാകും. എല്ലാ സമരവും ജയിച്ച ചരിത്രമില്ല. എന്നാല്‍ ഇത് ജയിക്കേണ്ട സമരമാണെന്നും പികെ ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications