'ആൾക്കൂട്ട ആക്രമണങ്ങളും തെറികളും തുടരുക, സത്യം ആർക്കുമറിയില്ല', പീഡനാരോപണത്തിൽ ശ്രീകാന്ത് വെട്ടിയാര്‍
കോഴിക്കോട്: തനിക്കെതിരെയുളള ബലാത്സംഗ കേസിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച് യൂട്യൂര്‍ ശ്രീകാന്ത് വെട്ടിയാര്‍. ഒരു പെണ്‍കുട്ടി തനിക്കെതിരെ കുറ്റം ആരോപിച്ചത് മാത്രമാണ് എല്ലാവര്‍ക്കും അറിയുന്നത് എന്നും സത്യം എന്താണെന്ന് ആര്‍ക്കും അറിയില്ലെന്നും ശ്രീകാന്ത് വെട്ടിയാര്‍ പ്രതികരിച്ചു.
കേസില്‍ നിന്ന് രക്ഷപ്പെടാനുളള പിടിപാടോ സാമ്പത്തിക ശേഷിയോ തനിക്കില്ല. അതുകൊണ്ട് താന്‍ കേസ് അട്ടിമറിക്കുമെന്ന ചിന്ത വേണ്ടെന്നും ഫേസ്ബുക്കില്‍ പങ്കിട്ട കുറിപ്പില്‍ ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നു. വിമന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ മീ ടൂ ആരോപണം ആദ്യം ഉയര്‍ന്നത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ ശ്രീകാന്ത് വെട്ടിയാര്‍ ഫെബ്രുവരിയില്‍ എറണാകുളം പോലീസില്‍ കീഴടങ്ങി.

ശ്രീകാന്ത് വെട്ടിയാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം: '' പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുക.. അതുകൊണ്ട് എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങൾ അറിയും.
ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട. നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാൻ സംസാരിക്കാം.. ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..''












Click it and Unblock the Notifications