കൊല്ലം എ ഗ്രൂപ്പിന് വിട്ടുകൊടുക്കരുതെന്ന് ഐ ഗ്രൂപ്പ്;ചെന്നിത്തലയ്ക്കെതിരെ പടയൊരുക്കം..3 പേരുകൾ.. മുന്നറിയിപ്പ്
കൊല്ലം; ഡിസിസി അധ്യക്ഷൻമാരുടെ പ്രഖ്യാപനം എത്രയും പെട്ടെന്ന് തന്നെ നടത്താനാണ് നിലവിൽ കെപിസിസി തിരുമാനം. എന്നാൽ ഗ്രൂപ്പ് വീതം വെയ്പ്പുകളാണ് നീക്കത്തിന് തട തീർക്കുന്നത്. നിലനിൽ സാധ്യത പട്ടിക ഹൈക്കമാൻറിന് കൈമാറിയെങ്കിലും പല ജില്ലകൾക്കായും ഗ്രൂപ്പുകൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ചിലയിടങ്ങളിൽ പുതിയ നേതൃത്വത്തിന്റെ നിർദ്ദേങ്ങൾക്ക് തടയിടാൻ ഗ്രൂപ്പ് നേതൃത്വങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ മറ്റ് ചില ജില്ലകളിൽ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കവും പാർട്ടിക്ക് പ്രതിസന്ധി തീർക്കുകയാണ്.

തർക്കം രൂക്ഷമായിരിക്കുന്ന ജില്ലകളിൽ ഒന്നാണ് കൊല്ലം. ഐ ഗ്രൂപ്പിന്റെ കൈവശമാണ് ജില്ല. നിലവിൽ ഐ ഗ്രൂപ്പ് നേതാവായ ബിന്ദു കൃഷ്ണയാണ് ഇവിടെ പാർട്ടി അധ്യക്ഷ. 14 ജില്ലകളിലേയും അധ്യക്ഷൻമാരെ മാറ്റി നിർത്താൻ തിരുമാനിച്ചതോടെയാണ് ഇവിടെ ബിന്ദു കൃഷ്ണയ്ക്ക് പകരം പേരുകൾ ചർച്ചയായത്. കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷ്, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകളായിരുന്നു തുടക്കത്തിൽ ഇവിടെ ചർച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഡിസിസി സ്ഥാനത്തേക്ക് ജനപ്രതിനിധികളെ പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് മറ്റ് പേരുകൾ ചർച്ചയായി.

ഐ ഗ്രൂപ്പുകാർ പ്രധാനമായി എംഎം നസീർ, പുനലൂർ മധു, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കളുടെ പേരുകളായിരുന്നു ഉയർത്തിയത്. എന്നാൽ ഈ നേതാക്കളിൽ രമേശ് ചെന്നിത്തലയ്ക്ക് താത്പര്യമില്ല. ഐഎൻടിയുസി നേതാവായ ആർ ചന്ദ്രശേഖറിന്റെ പേരാണ് ചെന്നിത്തല മുന്നോട്ട് വെച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ ജില്ലാ തല നേതാക്കളും തയ്യാറായില്ല.

ഇതോടെ മറ്റ് നേതാക്കളെ നിർദ്ദേശിക്കാൻ ഇല്ലാത്തതിനാൽ എ ഗ്രൂപ്പിന് ജില്ല വിട്ട് നൽകാൻ നേതാക്കൾ തമ്മിൽ തിരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ എ ഗ്രൂപ്പ് നേതാവ് രാജേന്ദ്ര പ്രസാദിനെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് നിർദ്ദേശിച്ചു. എന്നാൽ തങ്ങൾക്ക് അപ്രമാദിത്യമുള്ള ജില്ല എ ഗ്രൂപ്പ് വിട്ട് നൽകാൻ ആവില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ് ജില്ലാ നേതൃത്വം.

നേതൃനീക്കം സംബന്ധിച്ച അതൃപ്തികൾ ജില്ലാ നേതാക്കൾ നേരിട്ട് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്.ഇപ്പോൾ എ ഗ്രൂപ്പ് നടത്തുന്ന ഇടപെടലുകളിൽ ചെന്നിത്തല കാണിക്കുന്ന മൗനത്തേയും നേതാക്കൾ ചോദ്യം ചെയ്യുന്നു. ഇപ്പോൾ അടിയറവ് പറഞ്ഞാൽ ജില്ലയിൽ ഗ്രൂപ്പുകൾ ക്ഷയിക്കാൻ കാരണമാകുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.

അതേസമയം രാജേന്ദ്ര പ്രസാദിനെ നിർദ്ദേശിച്ചതിൽ എ ഗ്രൂപ്പിലും കടുത്ത എതിർപ്പുകൾ ഉയരുന്നുണ്ട്. 79 വയസ് പ്രായമുള്ള അധ്യക്ഷൻ വരുന്നതോടെ പാർട്ടിയുടെ ഊർജ്ജം നഷ്ടപ്പെടുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ബിന്ദു കൃഷ്ണയുടെ പ്രകടനം മികച്ചതാണെന്ന വിലയിരുത്തൽ ഉണ്ട്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ബിന്ദുവിന് കീഴിൽ കോൺഗ്രസിന് കൂടുതൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നു. അവരെ പോലൊരു നേതാവിനെ മാറ്റി മുതിർന്ന നേതാവിനെ അവരോധിക്കുന്നത് തിരിച്ചടിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സമവായം എന്ന നിലയിൽ എംഎം നസീറിന്റെ പേരിന് സാധ്യത കൂടുതൽ ഉണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ട്. ഉടൻ തന്നെ ഹൈക്കമാന്റ് ഇക്കാര്യത്തിൽ തിരുമാനം കൈക്കൊണ്ടേക്കുമെന്നാണ് വിവരം. അതേസമയം കൊല്ലം ഉൾപ്പെടെ തർക്കം നിലനിൽക്കുന്ന ജില്ലകളിൽ ഗ്രൂപ്പ് നേതാക്കളോട് വീണ്ടും അഭിപ്രായം തേടാൻ ഹൈക്കമാന്റ്, കെപിസിസി നേതൃത്വങ്ങൾ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications