ജയിലില്‍ വെച്ച് പരിചയപ്പെട്ടു; പ്ലാന്‍ ചെയ്തത് വന്‍ കവര്‍ച്ച; ഫോട്ടോ എടുത്തതോടെ പാളി
ചാത്തന്നൂർ: പാരിപ്പള്ളിയിലും ചാത്തന്നൂരിലുമായി വീടുകളിൽ വൻ കവർച്ച നടത്തി പിടിയിലായവർ ജയിലിൽ വച്ചു പരിചയപ്പെട്ടവർ ആണെന്ന് പോലീസ്. മധുര അറപ്പാളയം പുട്ടുതോപ്പ് ചെക്കടി സ്ട്രീറ്റിൽ സുരേഷ് (പട്രൈ സുരേഷ്(35), തൂത്തുക്കുടി മപ്ലൈഊരാണി കാമരാജർ നഗർ വെസ്റ്റിൽ എഡ്വിൻ രാജ് (34) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒരു പകൽ കൊണ്ടു പരമാവധി കവർച്ച നടത്താനായിരുന്നു ഇവർ കേരളത്തിൽ എത്തിയത്.
പണവും സ്വർണവും കവർന്നു കടന്നുകളഞ്ഞ ഇരുവരെയും കെഎസ്ആർടിസി ബസിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പുളയറ ചെക്പോസ്റ്റിൽ വച്ചു പിടികൂടിയത്. ചെന്നൈയിൽ ഫുട്ബോൾ കളിക്കുമ്പോഴുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ സ്വന്തമായി ബോംബ് നിർമിച്ചു എറിയുകയും മരിക്കാത്തതിനാൽ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായിരുന്നു എഡ്വിൻരാജെന്ന് പോലീസ് പറഞ്ഞു.

സാക്ഷി പറയാൻ ആളില്ലാഞ്ഞതിനാൽ ഇയാളെ വിട്ടയച്ചു. കൊല്ലത്തെ മോഷണത്തിന് ശേഷം തിരുവനന്തപുരത്ത് എത്തി അവിടെ നിന്ന് അര്യങ്കാവ് വഴി മടങ്ങിപ്പോകാനായിരുന്നു ഇവർ പ്ളാൻ ഇട്ടത്. ആയുധവും പക്കൽ ഉണ്ടായിരുന്നു. ബുധൻ രാവിലെ ബസിൽ തിരുവനന്തപുരത്ത് എത്തിയ ശേഷം നഗരത്തിൽ നിന്നു ബൈക്ക് മോഷ്ടിച്ചു. പിന്നീട് പാരിപ്പള്ളി ഇന്ദ്രനീലത്തിൽ സുനിൽ കുമാറിന്റെ വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്നു. ആദ്യം കവർന്ന ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു ബൈക്ക് മോഷ്ടിക്കാനാണ് ചാത്തന്നൂർ കനക മന്ദിരത്തിൽ ശ്യാംരാജിന്റെ വീട്ടിൽ എത്തുന്നത്.
വീട്ടിൽ ആളില്ലെന്നു കണ്ടതോടെ കവർച്ച നടത്തി. സുരേഷ് കവർച്ചയ്ക്കായി വീട്ടിൽ കയറുമ്പോൾ എഡ്വിൻ രാജ് പുറത്തു ബൈക്കിൽ കാവൽ നിൽക്കും. വീട്ടുടമ എത്തിയതോടെ ബൈക്ക് മോഷണം നടന്നില്ല. രക്ഷപ്പെടാവൻ ശ്രമിച്ചെങ്കിലും ഫോട്ടോ എടുത്തതാണ് മോഷ്ടാക്കളെ പിടിക്കാൻ കാരണം ആയത്. തങ്ങളുടെ ഫോട്ടോ എടുത്തതിനാൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. നെടുങ്ങോലം എംഎൽഎ ജംക്‌ഷനിൽ ബൈക്ക് ഉപേക്ഷിച്ച ശേഷം ഓട്ടോറിക്ഷയിൽ കൊല്ലത്തേക്കു തിരിച്ചു.
മോഷണം നടത്തുമ്പോൾ സുരേഷ് മഞ്ഞ ടിഷർട്ടാണ് ധരിച്ചിരുന്നത്. ഇതു ഓട്ടോയിൽ ഇരുന്നു മാറി. റെയിൽവേ സ്റ്റേഷനിൽ എത്തി ഭക്ഷണം കഴിച്ച ശേഷം ബസ് സ്റ്റാൻഡിൽ എത്തി തമിഴ്നാട്ടിലേക്കു പോകുമ്പോഴാണ് പിടിയിലായത്.ചാത്തന്നൂർ എസിപി ബി.ഗോപകുമാർ, ഇൻസ്പെക്ടർ വി.ശിവകുമാർ എസ്ഐ ആശ വി.രേഖ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുത്തു. ഉപേക്ഷിച്ച ബൈക്ക് കണ്ടെടുത്തു. ഇതിൽ നിന്ന് വിരൽ അടയാളം ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.












Click it and Unblock the Notifications