'പേയ്‌മെന്റ് റാണി, ബിജെപി ഏജന്റ്'.. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലത്ത് പോസ്റ്ററുകൾ
കൊല്ലം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പിടിച്ചുലച്ചിരിക്കുകയാണ്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനം ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തൂത്തുവാരിയ ജില്ലയാണ് കൊല്ലം. പരാജയത്തിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണയ്ക്ക് എതിരെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുകയാണ്.
Recommended Video

ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കൊല്ലം ഡിസിസി ഓഫീസിന് മുന്നിലും ആര്‍എസ്പി ഓഫഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിന്ദു കൃഷ്ണയെ കൊല്ലം ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റണം എന്നാണ് പോസ്റ്ററിലെ ആവശ്യം. 'പേയ്‌മെന്റ് റാണി ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക' എന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററിലെ ആവശ്യം.

'ബിജെപി ഏജന്റ് ബിന്ദു കൃഷ്ണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രു' എന്നാണ് മറ്റൊരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. നേരത്തെ മുതല്‍ക്കേ തന്നെ കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒട്ടാതെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ കൊല്ലത്തും കോര്‍പറേഷന്‍ മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ വരെ എല്‍ഡിഎഫ് തൂത്തുവാരിയിരുന്നു.
കൊല്ലത്ത് കൂടാതെ ഇടുക്കി അടക്കമുളള ജില്ലകളിലും നേതൃത്വത്തിന് എതിരെ കലാപക്കൊടി ഉയര്‍ന്നു കഴിഞ്ഞു. ഇടുക്കി ഡിസിസി അധ്യക്ഷനായ ഇബ്രാഹിംകുട്ടി കല്ലാറിനെ മാറ്റണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിറകെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണം എന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. സുധാകരന് വേണ്ടി യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പേരില്‍ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിരിക്കുകയാണ് പ്രവര്‍ത്തകര്‍.












Click it and Unblock the Notifications