ബിന്ദു കൃഷ്ണയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഡിസിസി ഓഫീസിൽ 'സേവ് കോണ്‍ഗ്രസ്' പോസ്റ്റര്‍
കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസിനുളളില്‍ ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണയ്ക്ക് എതിരെ പൊട്ടിത്തെറി. ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലം ഡിസിസി ഓഫീസിനുമുന്നില്‍ പോസ്റ്റര്‍ പതിച്ചു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ക്രിമിനല്‍ കേസ് പ്രതിയെ ബിന്ദു കൃഷ്ണ സംരക്ഷിക്കുന്നു എന്നാണ് ആരോപണം.
സാമ്പത്തിക ഇടപാടുകളുടെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫൈസല്‍ കുളപ്പാടത്തിനെ ബിന്ദു കൃഷ്ണ സംരക്ഷിക്കുന്നു എന്നാണ് ആരോപണം. ഫെസല്‍ കുളപ്പാടം റിമാന്‍ഡില്‍ കഴിയുകയാണ്. കൊല്ലം സീറ്റിനായി കൊട്ടേഷന്‍ ഫൈസലിനെ സഹായിക്കുന്ന ഡിസിസി പ്രസിഡണ്ട് നിലപാട് തിരുത്തുക എന്നാണ് പോസ്റ്ററിലെ വാചകം. ബിന്ദു കൃഷ്ണയെ കൂടാതെ ജില്ലയിലെ മറ്റൊരു മുതിര്‍ന്ന നേതാവിനെതിരെയും പോസ്റ്ററില്‍ ആരോപണമുണ്ട്.

ജില്ലയിലെ എ ഗ്രൂപ്പിന്റെ നേതാവാണിത്. കേസില്‍ അകപ്പെട്ടിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫൈസലും എ ഗ്രൂപ്പുകാരനാണ്. ഇക്കാരണത്താലാണ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അടക്കമുളളവര്‍ സംരക്ഷണം നല്‍കുന്നത് എന്നാണ് പാര്‍ട്ടിയിലെ മറുവിഭാഗം ആരോപിക്കുന്നത്. ക്രിമിനല്‍ കേസില്‍ പ്രതിയായ ഫൈസലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നാണ് ആവശ്യം. എന്നാല്‍ ഫൈസലിനെ പുറത്താക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല.
ഇതോടെയാണ് ബിന്ദു കൃഷ്ണയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. കൊല്ലം ജില്ലയിലെ കോണ്‍ഗ്രസില്‍ വളരെ നാളുകളായി കടുത്ത ഗ്രൂപ്പ് പോര് നിലനില്‍ക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ച കൂടിയാണ് ബിന്ദു കൃഷ്ണയ്ക്ക് എതിരെയുളള പോസ്റ്ററുകള്‍. അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാത്തതില്‍ വിശദീകരണവുമായി ബിന്ദു കൃഷ്ണ രംഗത്ത് വന്നിട്ടുണ്ട്. കേസില്‍ പ്രതിയായ ഫൈസല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആണെന്നും അതിനാല്‍ നടപടിയെടുക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് ആണെന്നുമാണ് ബിന്ദു കൃഷ്ണ പറയുന്നത്.












Click it and Unblock the Notifications