പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, യൂത്ത് കോണ്‍ഗ്രസ് സമ്മേളനം നിര്‍ത്തിവെച്ചു; ബാക്കിയായ ഭക്ഷണം അനാഥാലയത്തിന്
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പൊതുസമ്മേളനത്തിനിടെ പരസ്പരം ഏറ്റുമുട്ടി പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെയാണ് സംഭവം. ഇതോടെ സമ്മേളനം പാതിവഴിയില്‍ അവസാനിപ്പിക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജില്ലാ പ്രതിനിധി സമ്മേളനം നിര്‍ത്തിയത്. മൂന്ന് ദിവസമായി ജില്ലാ സമ്മേളനം നടത്താനായിരുന്നു തീരുമാനം.
എന്നാല്‍ രണ്ടാം ദിനമായ ശനിയാഴ്ച വിളംബരജാഥക്ക് ശേഷം തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്തു നടന്ന പൊതുസമ്മേളനത്തിനിടെ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒടുവില്‍ പൊലീസിന് ഇടപെടേണ്ടിയും വന്നു. പരിപാടി പാതിവഴിയില്‍ നിര്‍ത്തിയതോടെ സമ്മേളന പ്രതിനിധികള്‍ക്കായി ഒരുക്കിയ ഭക്ഷണം ജില്ലാ നേതൃത്വം അനാഥാലയങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്തു.

ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാഗവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനെ അനുകൂലിക്കുന്ന വിഭാഗവുമാണ് ഏറ്റുമുട്ടിയത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സമ്മേളനം നടത്തിയതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തത്. അതിന് ശേഷം പലപ്പോഴായി ഇരുവിഭാഗങ്ങളും തമ്മില്‍ പരസ്പരം പോരടിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ല എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ സമ്മേളമനം ഉദ്ഘാടനം ചെയ്തത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയാണ് എന്നും നാട്ടകം സുരേഷിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട് എന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നു. സമ്മേളനത്തില്‍ ആന്റോ ആന്റണി എം പി പ്രസംഗിക്കുന്നതിനിടെയാണ് നാട്ടകം സുരേഷ് വേദിയിലേക്കു കയറി വന്നത്.
ഇതോടെ നാട്ടകം സുരേഷിന് അനുകൂലമായി ഒരു വിഭാഗം മുദ്രാവാക്യം വിളിക്കുകയായിരുന്നു. ആന്റോ ആന്റണി പ്രസംഗിക്കുമ്പോഴും മുദ്രാവാക്യം വിളി ഉയര്‍ന്നതോടെ മറുവിഭാഗം ഇത് എതിര്‍ത്ത് കൊണ്ട് രംഗത്തെത്തി. ഇത് വാക്കേറ്റത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും വഴി മാറുകയായിരുന്നു. വിവരം അറിഞ്ഞ സംസ്ഥാന നേതൃത്വം ഞായറാഴ്ച രാവിലെയോടെ സമ്മേളനം നിര്‍ത്തിവെക്കണം എന്ന് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഇതോടെയാണ് 200 പ്രതിനിധികള്‍ക്കുള്ള ഭക്ഷണം അനാഥാലയങ്ങളില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം സംഘര്‍ഷം ബോധപൂര്‍വം സൃഷ്ടിച്ചതാണ് എന്നും നടപടി വരുമെന്ന് ഉറപ്പാണ് എന്നും ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയി പറഞ്ഞു. ജില്ലാ സമ്മേളനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത് ഏറ്റവും ദൗര്‍ഭാഗ്യകരമാണെന്നും അതുകൊണ്ടുതന്നെ ഇതിനു കാരണക്കാരായവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ കര്‍ശനനടപടികള്‍ ഉണ്ടാകുമെന്നു വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications