സാമ്പത്തിക പിന്തുണയുമായി സുരേഷ് ഗോപിയെത്തി; ഇനി ഉയരെ പറന്ന് പൊങ്ങും ധന്യ
കോട്ടയം: ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പൈലറ്റെന്ന നേട്ടത്തിന് തൊട്ടരികെ എത്തി നില്‍ക്കുന്ന കെ എം ധന്യയ്ക്ക് പിന്തുണയുമായി നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. കെ എം ധന്യയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ സുരേഷ് ഗോപി സാമ്പത്തിക സഹായം നല്‍കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷന്‍ അക്കാദമിയില്‍ പഠിക്കുകയാണ് ധന്യ.
സാമ്പത്തിക പ്രയാസം കാരണം ക്ലാസില്‍ പോകാന്‍ ധന്യ വിമുഖത കാണിച്ചിരുന്നു. സുരേഷ് ഗോപിയുടെ സഹായം വീണ്ടും ധന്യയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചിരിക്കുകയാണ്. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല എന്നും മനസിലെന്നും ഈ സഹായം ഉണ്ടാകും എന്നും ധന്യ പറഞ്ഞു. നഗരസഭ ക്ലീനിങ് ജീവനക്കാരനായ വാകത്താനം വാലുപറമ്പില്‍ മഹേഷിന്റെയും ബിന്ദുവിന്റെയും മകളാണ് ധന്യ.

പോളിടെക്‌നിക് പഠനകാലത്ത് കണ്ട പാര്‍വതി തിരുവോത്ത് അഭിനയിച്ച 'ഉയരെ' എന്ന സിനിമയാണ് ധന്യയില്‍ പൈലറ്റ് ആകാനുള്ള മോഹം നട്ടത്. ധന്യയുടെ ആഗ്രഹത്തിനൊപ്പം മാതാപിതാക്കളും കൂടെ നിന്നു. ഇതോടെ ധന്യ തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷന്‍ സ്ഥാപനത്തില്‍ ചേര്‍ന്നു. ധന്യയുടെയും കുടുംബത്തിന്റേയും അവസ്ഥയറിഞ്ഞ് സ്ഥാപനവും പലവിധത്തിലും സഹായവുമായി മുന്നില്‍ നിന്നു.
അതിനിടെ മകളെ പറ്റുന്ന പണിക്ക് വിട്ടാല്‍ പോരെ എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ നിരവധി പേര്‍ വന്നെങ്കിലും മാതാപിതാക്കളും നിശ്ചയദാര്‍ഢ്യത്തോടെ മകള്‍ക്കൊപ്പം നിന്നു. രാഷ്ട്രപതി ദ്രൗപദി മര്‍മുവിന്റെ കേരള സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കെ എം ധന്യ കണ്ട് സംസാരിച്ചിരുന്നു. പഠനം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഫീസ് അടയ്ക്കാനുള്ള സാമ്പത്തിക പ്രയാസം നേരിട്ടു.
ഇത് വാര്‍ത്തയായതോടെ സുരേഷ് ഗോപി തന്റെ മകള്‍ ലക്ഷ്മിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച 'ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ്' വഴി പണം നല്‍കുകയായിരുന്നു. പൈലറ്റ് എന്ന സ്വപ്‌നം പൂവണിയാന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ പരിശ്രമം കൊണ്ട് അത് മറികടക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ധന്യ. എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ലെങ്കിലും അച്ഛനും അമ്മയും പഠിപ്പിക്കുമെന്ന പ്രതീക്ഷയും ധന്യയ്ക്കുണ്ട്.
കോട്ടയം വാകത്താനം സ്വദേശിയാണ് കെ എം ധന്യ. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ പൈലറ്റ് വിദ്യാര്‍ഥിയായ ധന്യ കേരളത്തിന്റേയാകെ അഭിമാനമായി പറന്നുയരുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.












Click it and Unblock the Notifications