പക്ഷിപ്പനി ആശങ്ക വീണ്ടും; കോട്ടയത്തെ നാല് പഞ്ചായത്തുകളില്‍ വളര്‍ത്തുപക്ഷികളുടെ വില്‍പന നിരോധിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ കുമരകം, ആര്‍പ്പൂക്കര, അയ്മനം, വെച്ചൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, വളര്‍ത്ത് പക്ഷികള്‍ എന്നിവയുടെ വില്‍പനയ്ക്ക് വിലക്ക്. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആണിത്. ഈ വാര്‍ഡിന്റെ സമീപപ്രദേശങ്ങളായ പഞ്ചായത്തുകളായതിനാലാണ് നിരോധനം.
പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും നീക്കവും ജൂണ്‍ 12 വരെ നിരോധിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് കളക്ടര്‍ അറിയിച്ചു. പൊലീസ്, ആര്‍ ടി ഒ എന്നിവരുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് പ്രസ്തുത പഞ്ചായത്തിലും ജില്ലയിലെ മറ്റ് മേഖലകളിലും കര്‍ശനമായ പരിശോധനകളും നടത്തും..

രോഗ നിരീക്ഷണ മേഖലയിലേക്ക് താറാവ്, കോഴി, കാട മറ്റ് വളര്‍ത്തു പക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവ മറ്റു പ്രദേശങ്ങളില്‍ നിന്നു കൊണ്ടുവരുന്നതിനും മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മുഹമ്മ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. സാംപിളുകള്‍ പരിശോധനക്കയിച്ച് ഫലം പോസിറ്റീവായിരുന്നു.
ഇവിടെയുള്ള താറാവുകള്‍ അടക്കം കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ എത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ സാംപിളുകള്‍ അയയ്ക്കുകയായിരുന്നു. പരിശോധന ഫലം പോസീറ്റിവ് ആയതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തി പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 5079 വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കി.
മുഹമ്മയില്‍ 4954, മണ്ണഞ്ചേരി 1251 എന്നിങ്ങനെയാണ് വളര്‍ത്ത് പക്ഷികളെ കൊന്നൊടുക്കിയത്. ചമ്പക്കുളത്തും തഴക്കരയിലുമാണ് അവസാനം രോഗം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇവിടെ 60000 ഓളം വളര്‍ത്ത് പക്ഷികളെ കൊന്നൊടുക്കിയിരുന്നു. ഇതോടെയാണ് കര്‍ശന നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചത്. അതിനിടെ ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം സ്ഥിരീകരിച്ചിരുന്നു.
മെക്‌സിക്കോയിലായിരുന്നു സംഭവം. പനി, ശ്വാസതടസം, വയറിളക്കം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളോടെ മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 59 കാരനാണ് മരിച്ചത്. ഏപ്രില്‍ 24 നായിരുന്നു മരണം. മെക്‌സിക്കോയിലെ കോഴിഫാമുകളില്‍ നേരത്തെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications