നിതിനയ്ക്ക് കണ്ണീരോടെ വിട നല്‍കി നാട്; അഭിഷേകുമായി കോളേജില്‍ തെളിവെടുപ്പ്, കൂസലില്ലാതെ പ്രതി
കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വെച്ച് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച നിതിനയുടെ മൃതദേഹം സംസ്കരിച്ചു. ബന്ധുവീട്ടിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. സുഹൃത്തുക്കളും സഹപാഠികളും ഉള്‍പ്പടെ നിരവധി പേര്‍ നിതിനയ്ക്ക് വിടചൊല്ലാന്‍ വീട്ടില്‍ എത്തിയിരുന്നു. രക്തം വാര്‍ന്നാണ് നിതിന മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞ് രക്തം വാർന്നു പോവുകയായിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രി വിഎൻ വാസവനും സികെ ആശ എംഎൽഎയും നിതിനയുടെ വീട്ടിലെത്തിയിരുന്നു.
നിതിനയെ കൊലപ്പെടുത്തിയതു ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പെണ്‍കുട്ടിയെ കൊല്ലാന‍് ഉദ്ദേശിച്ചിരുന്നില്ലെന്ന പ്രതിയുടെ വാദം പൊലീസ് പൂര്‍ണ്ണമായും തള്ളുകയാണ്. ഒരാഴ്ച മുന്‍പെ ബ്ലേഡ് വാങ്ങിയിരുന്നതായി പ്രതി അഭിഷേക് പൊലീസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിടുകയായിരുന്നു. നിതിനയുടെ അമ്മയ്ക്ക് ഉള്‍പ്പടെ ഭീഷണി സന്ദേശം അയച്ചിരുന്നതായും പ്രതി സമ്മതിച്ചു.

പ്രതിയുമായി കൊലപാതകം നടന്ന സെന്‍റ് തോമസ് കോളേജിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. നിതിനയെ കുത്തി വീഴ്ത്തിയ രീതിയും തുടർന്ന് കോളേജ് ക്യാമ്പസിന് അകത്തെ ബെഞ്ചിൽ ചെന്നിരുന്നതെല്ലാം അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. പാലാ ഡിവൈഎസ്‍പിയുടെ നേതൃത്തിൽ ആയിരുന്നു തെളിവെടുപ്പ്. അടുത്തദിവസം അഭിഷേക് ബ്ലേഡ് വാങ്ങിയ കടയില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് പേപ്പര്‍ കട്ടറില്‍ ഇടാന്‍ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയത്.
അതേസമയം, അമ്മയും ഒരു മോളും മാത്രമടങ്ങുന്ന വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു നിതിനാമോൾ എന്ന് മന്ത്രി വിഎന്‍ വാസവന്‍ അനുസ്മരിച്ചു. ഏറെ കടബാധ്യതകൾക്ക് നടുവിലും മകളെ നല്ലരീതിയിൽ പഠിപ്പിക്കുവാൻ ആ അമ്മ ശ്രദ്ധിച്ചിരുന്നു. പഠനം പൂർത്തിയാക്കി മകൾ നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാൻ ആകും എന്ന് സ്വപ്നം കണ്ടു കൊണ്ടാണ് അവർ കഴിഞ്ഞതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ .
പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി അതിക്രൂരമായി കൊലപ്പെടുത്തിയ തലയോലപ്പറമ്പ് കളപ്പുരക്കൽ വീട്ടിൽ നിതിനമോൾ (22 ) ക്ക് ആദരാഞ്ജലികൾ . ഏറെ ഞെട്ടലോടെ ഒരു വാർത്ത കേട്ടുകൊണ്ടാണ് ഇന്നലെ കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കവെ പാലായിലേക്ക് തിരിച്ചത്. അമ്മയും ഒരു മോളും മാത്രമടങ്ങുന്ന വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു നിതിനാമോൾ . ഏറെ കടബാധ്യതകൾക്ക് നടുവിലും മകളെ നല്ലരീതിയിൽ പഠിപ്പിക്കുവാൻ ആ അമ്മ ശ്രദ്ധിച്ചിരുന്നു. പഠനം പൂർത്തിയാക്കി മകൾ നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാൻ ആകും എന്ന് സ്വപ്നം കണ്ടു കൊണ്ടാണ് അവർ കഴിഞ്ഞത്. അതിനിടയിലാണ് മനസ്സിനെ മരവിപ്പിക്കുന്ന അത്യന്തം പൈശാചികവും ക്രൂരവുമായ ഈ സംഭവം നടക്കുന്നത്.
കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലാ മരിയൻ മെഡിക്കൽ സെൻററിൽ എത്തി പോലീസ് ഉന്നത അധികാരികൾക്ക് അനന്തര നടപടികൾ ത്വരിതത്തിൽ ആക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. ആശുപത്രിയിൽ ഉണ്ടായിരുന്ന നിതിനമോളുടെ അമ്മയുടെ അടുത്തെത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ച എൻറെ കൈകൾ പിടിച്ചു കൊണ്ട് " ഇനി ആർക്കു വേണ്ടി ജീവിക്കണം " എന്ന് പറഞ്ഞു കൊണ്ട് ഉറക്കെ കരഞ്ഞ നിമിഷങ്ങൾ ഹൃദയഭേദകം ആയിരുന്നു. വാക്കുകൾ കൊണ്ട് ആർക്കും ആശ്വസിപ്പിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ
Recommended Video
ഡി വൈ എഫ് ഐ ഭാരവാഹി എന്ന നിലയിയിൽ സജീവമായിരുന്ന സഖാവ് നിതിനമോൾ ഒരു നാടിന്റെ ആകെ പ്രതീക്ഷയായിരുന്നു. ഒരിക്കലും നീതീകരിക്കാനാവാത്തതും , ക്രൂരവുമായ ഇത്തരം പ്രവർത്തികൾ ഇനി ആവർത്തിക്കാൻ പാടില്ലാത്തതാണ് .അതിനായി സാമൂഹികരംഗത്ത് വലിയ തോതിലുള്ള അവബോധം സൃഷ്ടിച്ച് കൃത്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ നാടിനെ ആകെ നടുക്കിക്കൊണ്ട് അകാലത്തിൽ പൊലിഞ്ഞ നിതിനമോളുടെ വേർപാടിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും നാടിനും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു .ആദരാഞ്ജലികൾ












Click it and Unblock the Notifications