പാലാ ഉറപ്പിച്ച് എല്‍ഡിഎഫ്; ജോസിന് 18,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന്... സിപിഎമ്മിന്റെ ബൂത്ത് തല കണക്ക്
കോട്ടയം: ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം എന്നാണ് പാലാ മണ്ഡലത്തെ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരം ആണ് ഇവിടെ നടന്നത്. ഇരുകൂട്ടര്‍ക്കും രാഷ്ട്രീയമായി ഏറ്റവും നിര്‍ണായകമാണ് വിജയവും പരാജയവും.
വോട്ടെടുപ്പിന് ശേഷം ബൂത്ത് തല കണക്കുകള്‍ പരിശോധിച്ചതിന് ശേഷം വിജയം ഉറപ്പിച്ചിരിക്കുന്നു എന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. 18,000 വോട്ടിന്റെ ഭൂരുപക്ഷത്തില്‍ ജോസ് കെ മാണി ജയിക്കുമെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍...

പാലാ പോരാട്ടം
പാലായില്‍ ജോസ് കെ മാണിയും സിറ്റിങ് എംഎല്‍എ ആയ മാണി സി കാപ്പനും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയെ അട്ടിമറിച്ചായിരുന്നു മാണി സി കാപ്പന്‍ എല്‍ഡിഎഫിന് വേണ്ടി വിജയം വരിച്ചത്.

18,000 ഭൂരിപക്ഷം?
ഇത്തവണ ജോസ് കെ മാണി വിജയിക്കുമെന്ന് ഉറപ്പിക്കുകയാണ് സിപിഎം. ജോസ് കെ മാണിയുടെ ഭൂരിപക്ഷം 18,000 കടക്കുമെന്നും വോട്ട് കണക്കുകള്‍ പരിശോധിച്ച് സിപിഎം ജില്ലാ നേതൃത്വം പറയുന്നു. അങ്ങനെയെങ്കില്‍ മാണി സി കാപ്പന്റെ രാഷ്ട്രീയ അന്ത്യമായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ ദൃശ്യമാവുക.

കഴിഞ്ഞ തവണ
കെഎം മാണിയുടെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. ജോസ് വിഭാഗക്കാരനായ ജോസ് ടോം പുലിക്കുന്നേല്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2,943 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ വിജയിക്കുകയായിരുന്നു.

ചരിത്രം തിരുത്തി
പാലാ മണ്ഡലത്തിന്റെ ചരിത്രം തിരുത്തിയ തിരഞ്ഞെടുപ്പായിരുന്നു 2019 ലെ ഉപതിരഞ്ഞെടുപ്പ്. കെഎം മാണി അരനൂറ്റാണ്ട് കൈപ്പിടിയില്‍ ഒതുക്കിയ മണ്ഡലത്തില്‍ ഇടത് കുതിപ്പ് സംസ്ഥാന സര്‍ക്കാരിനും വലിയ ഊര്‍ജ്ജം നല്‍കിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പിന്നീട് മാറിമറിഞ്ഞു.

സീറ്റ് തര്‍ക്കം
ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയപ്പോള്‍ മുതല്‍ മാണി സി കാപ്പന്‍ സീറ്റ് നഷ്ടപ്പെടുമോ എന്ന ഭയത്തിലായിരുന്നു. ഒടുവില്‍ അത് സംഭവിക്കുക തന്നെ ചെയ്തു. ഏറെ സസ്‌പെന്‍സുകള്‍ക്കൊടുവില്‍ എന്‍സിപി എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുകയും മാണി സി കാപ്പന്‍ പാര്‍ട്ടി പിളര്‍ത്തി യുഡിഎഫില്‍ ചേക്കേറുകയും ചെയ്തു.

പാലായ്ക്ക് വേണ്ടി
പാലാ സീറ്റില്‍ ജോസ് കെ മാണി തോല്‍ക്കുക എന്നത് മാണി സി കാപ്പന്റെ മാത്രം ആവശ്യം ആയിരുന്നില്ല. കാപ്പനേക്കാളും അത് ഏറെ ആഗ്രഹിക്കുന്നത് പിജെ ജോസഫ് ആണ്. അതുകൊണ്ടാണ്ട് മുന്നണി വിട്ട് വന്നാല്‍ മാണി സി കാപ്പന് പാലാ സീറ്റ് വിട്ടുനല്‍കുമെന്ന് ആദ്യമേ പ്രഖ്യാപിച്ചത്.

സിപിഎം വോട്ടുകള്‍
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ പാലായില്‍ വിജയിച്ചത് എന്‍സിപി വോട്ടുകള്‍ കൊണ്ടായിരുന്നില്ല. സിപിഎമ്മിന്റെ ശക്തമായ പിന്തുണ തന്നെ ആയിരുന്നു കാരണം. അതിനൊപ്പം കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് - ജോസഫ് തര്‍ക്കവും കാപ്പന്റെ വിജയത്തിന് സഹായിച്ചു.

ഇത്തവണത്തെ സ്ഥിതി
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ മേഖലയില്‍ ജോസ് കെ മാണി ശക്തി തെളിയിച്ചതാണ്. അതിനൊപ്പമാണ് ശക്തമായ ഇടതുപിന്തുണ. മാണി സി കാപ്പന്റെ വ്യക്തിപരമായ ബന്ധങ്ങളേയും യുഡിഎഫ് വോട്ടുകളേയും എല്ലാം മറികടക്കാന്‍ സിപിഎം- കേരള കോണ്‍ഗ്രസ് എം സഖ്യത്തിന് കഴിയുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.












Click it and Unblock the Notifications