തെരുവ് നായ്ക്കളെ എറിഞ്ഞോടിച്ചു, വൈദ്യുതി ഓഫ് ചെയ്ത് മോഷണ പരമ്പര, താഴടക്കം കവര്‍ന്നു
കോട്ടയം: പാമ്പാടിയില്‍ ഏഴ് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ പരമ്പര. വൈദ്യുതി ഓഫ് ചെയ്താണ് മോഷണം നടത്തിയത്. കൂരോപ്പട നീരജ് ഇലക്ട്രിക്കല്‍സ്, കൂരോപ്പട സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍സ്, താന്നിക്കല്‍ മെഡിക്കല്‍ സ്റ്റോര്‍, താന്നിക്കല്‍ പലചരക്ക് കട, എസ് ജെ എം ഫ്രൂട്‌സ്, മോഡേണ്‍ മെഡിക്കല്‍സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. 30 രൂപ മുതല്‍ 6000 രൂപ വരണ് ഇവിടങ്ങളില്‍ നിന്ന് മോഷണം പോയത്.
എസ് ജെ എം ഫ്രൂട്‌സില്‍ സൂക്ഷിച്ചിരുന്ന 60 മുട്ടകളും കാണാതായിട്ടുണ്ട്. ട്രാന്‍സ്‌ഫോമര്‍ ലിങ്ക് ലൈന്‍ ഓഫ് ചെയ്തായിരുന്നു മോഷണം. അതേസമയം കൂരോപ്പടയില്‍ പ്രവര്‍ത്തിക്കുന്ന കുഴിപ്പള്ളില്‍ തടിമില്ലില്‍ നിന്ന് മോഷ്ടാവ് കമ്പിവടി എടുക്കുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ കമ്പി വടി ഉപയോഗിച്ച് താഴുകള്‍ അടിച്ചു തകര്‍ത്താണ് മോഷണം നടത്തിയത്. തകര്‍ത്ത താഴുകളും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്.

പുലര്‍ച്ചെ 2.15 ന് ശേഷമായിരുന്നു മോഷണം. അതിനിടെ മോഷണത്തിന് മുന്‍പ് കള്ളന്‍ തെരുവ് നായ്ക്കളുടെ മുമ്പില്‍ അകപ്പെടുന്നതിന്റെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. രക്ഷപ്പെടാനായി ഇയാള്‍ നായ്ക്കളെ കല്ലെറിയുന്നുമുണ്ട്. തടിമില്ലില്‍ നിന്ന് കമ്പി വടി എടുക്കാനായി എത്തുന്നതിന് മുന്‍പാണ് തെരുവു നായ്ക്കള്‍ മോഷ്ടാവിന് പിന്നാലെ എത്തിയത്. നായ്ക്കളെ എറിഞ്ഞോടിച്ച ശേഷമാണ് ഇയാള്‍ മില്ലിനുള്ളിലേക്ക് കടക്കുന്നത്.
ഇതിനിടെ പൊലീസ് വാഹനവും പ്രദേശത്ത് കൂടി കടന്ന് പോകുന്നുണ്ട്. വെറും മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഏഴ് കടകളിലും മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം പാമ്പാടി ആലാംപള്ളി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മോഷണം നടന്നിരുന്നു. സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ കടയില്‍ നിന്നു 100 പേനയും 5 പായ്ക്കറ്റ് പെന്‍സിലും ഇറേസറുകളും ആണ് കള്ളന്‍ കവര്‍ന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സ്‌കൂളില്‍ കള്ളന്‍ കയറിയത്. ഹൈസ്‌കൂളിലെ ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന നിലവിളക്ക്, മൊബൈല്‍ ഫോണ്‍, മൈക്രോ ഫോണ്‍, നാണയ തുട്ടുകള്‍ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. പാമ്പാടി, പള്ളിക്കത്തോട് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് മോഷണം വര്‍ധിക്കുന്നത്. വൈദ്യുതി ബന്ധം വിഛേദിച്ചാണ് മിക്കയിടങ്ങളിലും കവര്‍ച്ച.












Click it and Unblock the Notifications