സിപിഎമ്മിനുള്ളില്‍ അധികാര തര്‍ക്കം, പ്രസിഡന്റ് രാജിവെച്ചു; അയ്മനം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു
കോട്ടയം: സി പി എമ്മിലെ രണ്ട് ലോക്കല്‍ കമ്മിറ്റികള്‍ തമ്മിലുള്ള വടംവലിയെ തുടര്‍ന്ന് അയ്മനം പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു. സി പി എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജിയാണ് കഴിഞ്ഞ ദിവസം രാജി നല്‍കിയത്. അയ്മനം സി പി എം ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റികള്‍ തമ്മിലുള്ള അധികാര വടംവലിയെ തുടര്‍ന്നാണ് പ്രസിഡന്റ് രാജി വെച്ചത് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ സ്ഥിര സമിതി അധ്യക്ഷ വിജി രാജേഷ് സി പി എമ്മിന്റെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയായേക്കും എന്നാണ് വിവരം. ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റികള്‍ പ്രസിഡന്റ് സ്ഥാനത്തിന് ചരടുവലി നടത്തിയതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണം. അയ്മനം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട വാര്‍ഡില്‍ നിന്നാണ് സബിത പ്രേംജി മത്സരിച്ച് ജയിച്ചത്. വെസ്റ്റ് കമ്മിറ്റി ഉള്‍പ്പെട്ട നാലാം വാര്‍ഡില്‍ നിന്നാണ് വിജി രാജേഷ് ജയിച്ചത്.

തിരഞ്ഞെടുപ്പിന് പിന്നാലെ പ്രസിഡന്റ് സ്ഥാനം വിഭജിക്കണം എന്ന് ധാരണയുണ്ടായിരുന്നു എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ രേഖാമൂലം ധാരണയില്‍ എത്തിയിരുന്നില്ല എന്നാണ് മറുവാദം. മൂന്ന് തവണ പഞ്ചായത്തംഗമായ വിജിയെ മറികടന്നാണ് രണ്ടാം തവണ വിജയിച്ച സബിത പ്രേംജിയെ പ്രസിഡന്റായി നിശ്ചയിച്ചിരുന്നത്. അതിനാല്‍ തന്നെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് സ്ഥാനം വിജിക്ക് നല്‍കണം എന്നായിരുന്നു ധാരണ.
സബിത ഉള്‍പ്പെടുന്ന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പരിധിയില്‍ നിന്നു 3 പേരും വിജി ഉള്‍പ്പെടുന്ന വെസ്റ്റ് ലോക്കല്‍ കമ്മിറ്റി പരിധിയില്‍ നിന്ന് 5 പേരുമാണ് സി പി എമ്മിന് പഞ്ചായത്ത് അംഗങ്ങളായി അയ്മനത്തുള്ളത്. ബാക്കിയുള്ള രണ്ട് അംഗങ്ങള്‍ സി പി ഐയില്‍ നിന്നുള്ളവരാണ്. 20 അംഗ പഞ്ചായത്തില്‍ എല്‍ ഡി എഫിന് 10 അംഗങ്ങളാണ് ഉള്ളത്. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് സി പി എം പ്രസിഡന്റ് സ്ഥാനം കൈയാളുന്നത്.
യു ഡി എഫിന് ഏഴും എന്‍ ഡി എക്ക് മൂന്നും അംഗങ്ങളുണ്ട്. യു ഡി എഫും എന്‍ ഡി എയും ഒന്നിച്ചെതിര്‍ത്താല്‍ പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കേണ്ടി വരും. 2000 ല്‍ കോണ്‍ഗ്രസ് പിന്തുണച്ചതിനെ തുടര്‍ന്ന് ഒരു അംഗം മാത്രം ഉണ്ടായിരുന്ന ബി ജെ പി പ്രസിഡന്റ് സ്ഥാനത്തെത്തിയ ചരിത്രമുള്ള പഞ്ചായത്താണ് അയ്മനം.












Click it and Unblock the Notifications