ഡ്യൂട്ടി കഴിഞ്ഞ് പോകവെ മാമ്പഴം മോഷ്ടിച്ച് പൊലീസുകാരന്‍; കുടുക്കിയത് സിസിടിവി
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഫ്രൂട്‌സ് സ്റ്റാളില്‍ നിന്ന് മാങ്ങ മോഷ്ടിച്ച് പൊലീസുകാരന്‍. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ യൂണിഫോമിലായിരിക്കെയാണ് പൊലീസുകാരന്‍ മോഷണം നടത്തിയത്. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ പി വി ഷിഹാബാണ് മോഷണം നടത്തിയത്.
കടക്ക് മുന്നില്‍ സ്ഥാപിച്ച സി സി ടി വിയാണ് പൊലീസുകാരനെ കുടുക്കിയത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്ത് നാസര്‍ എന്നയാള്‍ നടത്തുന്ന പഴക്കടയില്‍ നിന്നാണ് ഇയാള്‍ മാങ്ങ മോഷ്ടിച്ചത്.
ആ ദിവസം കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ഷിഹാബിന് ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെയോടെ സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മോഷണം നടത്തിയത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ ഷിഹാബ് മോഷ്ടിച്ചത്.
വഴിയരികില്‍ കൊട്ടകൊണ്ട് മൂടിയ നിലയിലുള്ള മാമ്പഴം വണ്ടിയുടെ സ്‌റ്റോറേജില്‍ വെച്ചാണ് ഇയാള്‍ കൊണ്ടുപോയത്. സി സി ടി വിയില്‍ വണ്ടിയുടെ നമ്പര്‍ അടക്കം വ്യക്തമായി പതിഞ്ഞിട്ടുണ്ടായിരുന്നു.
രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് നാസര്‍ മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസ്സിലാകുന്നത്. ഇതോടെ സി സി ടി വി പരിശോധിക്കുകയായിരുന്നു. അതേസമയം ഷിഹാബിനെതിരെ നേരത്തെ പരാതികളുള്ളതായാണ് വിവരം.
മുന്‍പ് വിവാഹ വാഗ്ദാനം നല്‍കി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നയാളാണ് ഷിഹാഹ് എന്ന് കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.