കോട്ടയം പാറത്തോടില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല; വന്‍ കൃഷിനാശം
കോട്ടയം: കോട്ടയം ജില്ലയിലെ പാറത്തോട് ഗ്രാമപ്പഞ്ചായത്ത് 5-ാം വാര്‍ഡില്‍ പുളിക്കല്‍ കോളനി ഭാഗത്ത് ഉരുള്‍പൊട്ടല്‍. ജനവാസ കേന്ദ്രത്തില്‍ നിന്നും ഏതാനും മീറ്ററകലെ ആള്‍ താമസമില്ലാത്ത പറമ്പിലാണ് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വലിയ കൃഷി നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

30 അടി വീതിയില്‍ ഒരു കിലോമീറ്ററോളം ഭാഗത്തെ മണ്ണും കൃഷിയും ഒലിച്ചു പോയിട്ടിണ്ട്. കല്ലുപുരയ്ക്കല്‍ ഷംസുദ്ദീന്റെ പറമ്പില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഷംസുദ്ദീന്റെയും ഇടത്തറ ഇ എച്ച് കനിയുടെയും കൃഷിഭൂമിയിലാണ് നാശമുണ്ടായിരിക്കുന്നത്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് തൊട്ട് ഇവിടെ ശക്തമായ മഴയാണ് പെയ്തത്. ശക്തമായ മഴയില്‍ സന്ധ്യയോടെയാണ് മണ്ണിടിച്ചിലും ചെറിയ തോതിലുള്ള ഉരുള്‍പൊട്ടലും വെള്ളപ്പാച്ചിലും ഉണ്ടായത്. റബര്‍, കമുക്, കുരുമുളക്, വാഴ, കൊക്കോ തുടങ്ങിയ കൃഷികളാണ് ഉരുള്‍പൊട്ടലിലും വെള്ളപ്പാച്ചിലിലും നശിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പാറമടയുടെ സമീപത്ത് കൃഷി ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിന്റെ അടി ഭാഗത്തു നിന്നാണു ഉരുള്‍പൊട്ടി മണ്ണും കൃഷികളും ഒലിച്ചു പോയിരിക്കുന്നത്. പ്രദേശത്തെ കല്ലുകള്‍ക്ക് ചുവട്ടിലെ മണ്ണൊലിച്ചു പോയി ഏത് സമയവും താഴേക്കു പതിക്കാവുന്ന നിലയിലാണ് ഉള്ളത്.
കഴിഞ്ഞ പ്രളയത്തിലും ഇവിടെ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. കോളനി ഭാഗത്തേക്കുള്ള വഴിയില്‍ മണ്ണും കല്ലും നിറഞ്ഞു ഗതാഗതം തടസ്സപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇത് പുനഃസ്ഥാപിച്ചു. പാറത്തോട് ഗ്രാമപ്പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണെങ്കിലും മുണ്ടക്കയം പറത്താനം വഴിയാണ് ഇവിടെ എത്തുന്നത്.
പാറത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് സ്ഥലം സന്ദര്‍ശിച്ചു നാശനഷ്ടം വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ കുമളിയിലും ഉരുള്‍പൊട്ടലുണ്ടായിരുന്നു. കുമളിയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വണ്ടിപ്പെരിയാറില്‍ ദേശീയപാതയോരത്തെ വീട്ടിനുള്ളില്‍ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പെട്ടിരുന്നു.
കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോസ്
നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. കുമളി പഞ്ചായത്തിലെ 13 ാം വാര്‍ഡില്‍ കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച രാത്രി ഉരുള്‍പൊട്ടിയത്. ഇവിടെ 25 വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications