കോട്ടയത്ത് സിപിഎം തന്ത്രം പാളി; നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്, ബിന്‍സി അധ്യക്ഷ
കോട്ടയം: കോട്ടയം നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചെങ്കിലും കൂടുതല്‍ വോട്ട് യുഡിഎഫിന് ലഭിച്ചു. ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയില്‍ അടുത്തിടെ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് ഭരണം നഷ്ടമായ രണ്ടാമത്തെ നഗരസഭയായിരുന്നു കോട്ടയം.
ഈരാറ്റുപേട്ടയിലും യുഡിഎഫിനെതിരെ ഇടതുപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായിരുന്നു. എന്നാല്‍ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ നടന്ന വോട്ടെടുപ്പില്‍ ഈരാറ്റുപേട്ടയില്‍ യുഡിഎഫ് തന്നെ ജയിച്ചു. കോട്ടയത്തും സമാനമായ സാഹചര്യമാണുണ്ടായത്. യുഡിഎഫ് ഭരണം നിലനിര്‍ത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

52 അംഗ നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 വീതവും ബിജെപിക്ക് എട്ട് സീറ്റുകളുമാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെ പാസാകുകായിയിരുന്നു. ബിജെപി പിന്തുണ ഇടതുപക്ഷം തേടിയെന്നും ഭരണം പിടിക്കാന്‍ വൃത്തികെട്ട രാഷ്ട്രീയമാണ് ഇടതുപക്ഷം കളിക്കുന്നതെന്നുമായിരുന്നു യുഡിഎഫിന്റെ പ്രചാരണം.

ബിന്‍സി സെബാസ്റ്റ്യന്‍ തന്നെയാണ് യുഡിഎഫ് നഗരസഭാ അധ്യക്ഷ പദവിയിലേക്ക് തീരുമാനിച്ചത്. അഡ്വ. ഷീജ അനില്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുഴുവന്‍ യുഡിഎഫ് അംഗങ്ങളുടെയും വോട്ട് ബിന്‍സിക്ക് ലഭിച്ചു. എന്നാല്‍ ഷീജയ്ക്ക് ഒരു ഇടതുപക്ഷ അംഗത്തിന്റെ വോട്ട് കിട്ടിയില്ല. ഇതോടെ 22 വോട്ടുകള്‍ നേടി യുഡിഎഫ് വീണ്ടും ഭരണം പിടിക്കുകയായിരുന്നു.

സിപിഎമ്മിന്റെ ഒരംഗം വോട്ട് ചെയ്യാന്‍ എത്തിയില്ല. വോട്ടെടുപ്പിനായി നഗരസഭാ കൗണ്‍സില്‍ യോഗം തുടങ്ങിയ വേളയില്‍ തന്നെ യുഡിഎഫിന്റെ മുന്‍തൂക്കം പ്രകടമായിരുന്നു. 21നെതിരെ 22 വോട്ടുകള്‍ നേടി യുഡിഎഫ് ഭരണം പിടിച്ചപ്പോള്‍ ബിന്‍സിക്ക് വീണ്ടും അധ്യക്ഷയാകാന്‍ വഴിയൊരുങ്ങി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം അംഗം ടിഎം മനോജ് എത്താതിരുന്നത്. അദ്ദേഹം ആശുപത്രിയിലാണ്.
മുഖം കൊടുക്കാതെ താരസുന്ദരി; ആരാധ്യയെ വിടാതെ ഐശ്വര്യ റായ്... പുതിയ ചിത്രങ്ങള്‍ വൈറല്‍

കഴിഞ്ഞ 20 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയാണ് കോട്ടയം. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ. 22 സീറ്റുകള്‍ അവര്‍ നേടി. യുഡിഎഫിന് 21 സീറ്റും കിട്ടി. കോണ്‍ഗ്രസ് വിമതയായ ബിന്‍സി പിന്നീട് യുഡിഎഫില്‍ തിരിച്ചെത്തി. ബിന്‍സിയെ ചെയര്‍പേഴ്‌സണാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. തുല്യ സീറ്റുകളായതിനാല്‍ ടോസിട്ടു. ഭാഗ്യം യുഡിഎഫിനെ തുണച്ചു.

ഭരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ബിജെപി പിന്തുണച്ചതോടെ പ്രമേയം പാസാകുകയും യുഡിഎഫിന് ഭരണം നഷ്ടമാകുകയും ചെയ്തു. ബിജെപി പിന്തുണ സിപിഎം രഹസ്യമായി വാങ്ങുകയായിരുന്നു എന്നാണ് യുഡിഎഫ് ക്യാമ്പ് പ്രചരിപ്പിച്ചത്. എന്നാല്‍ ഇന്ന് അധികാരം വീണ്ടും യുഡിഎഫിന് തന്നെ ലഭിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിലെ ഭിന്നതയാണ് പ്രതിപക്ഷം മുതലെടുത്തതും അവിശ്വാസത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും. എന്നാല്‍ ഇന്ന് യുഡിഎഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഈരാറ്റുപേട്ടയിലെ പോലെ യുഡിഎഫിന് ഭരണം നഷ്ടമാകുകയും തിരിച്ചുപിടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കോട്ടയം നഗരസഭയിലും പ്രകടമായത്.

ഈരാറ്റുപേട്ടയിലെ യുഡിഎഫ് ഭരണത്തിന് മുസ്ലിം ലീഗാണ് നേതൃത്വം നല്‍കുന്നത്. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് എസ്ഡിപിഐയുടെ അഞ്ച് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിട്ടുനിന്നു. ഇത് യുഡിഎഫിന് വീണ്ടും ഭരണം ലഭിക്കാന്‍ ഇടയാക്കുകയും ചെയ്തു.












Click it and Unblock the Notifications