'മിന്നല്‍ മുരളി ഒറിജിനല്‍' പഠിച്ച കള്ളന്‍; പൊലീസ് നായയെ പോലും വഴിതെറ്റിച്ച സംഭവമെന്ന് പൊലീസ്
കോട്ടയം: കുമരകത്ത് പൊലീസിന്റെ വീട്ടിലെ മിന്നല്‍ മുരളി ഒറിജിലനിന്റെ അക്രമം ആരെയും അംഭരപ്പിക്കും. എന്തായാലും പഠിച്ച കള്ളനാണ് ഇതിന്റെ പുറകിലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നായയെ പോലും വഴിതെറ്റിക്കുന്ന പരിപാടി കാണിച്ച് വച്ചിട്ടാണ് അക്രമം നടത്തിയയാള്‍ പോയത്. മിന്നല്‍ മുരളി ഒറിജിനലിനെ ഇതുവരെ പൊലീസിന് പിടികൂടാനും സാധിച്ചിട്ടില്ല.
Recommended Video
വീടിന്റെ ജനലും വാതിലും അടിച്ച് തകര്‍ത്ത് ശേഷം ഭിത്തിയില്‍ മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതിയ ശേഷമാണ് അക്രമികള്‍ കടന്നുകളഞ്ഞത്. വാതിലിന് വെളിയില്‍ മലമൂത്ര വിസര്‍ജ്ജനവും നടത്തിയിരുന്നു. അതേസമയം സംഭവ സ്ഥലത്ത് നിന്ന് രണ്ട് ചെരിപ്പുകള്‍ പൊലീസിന് കിട്ടിയതിന് പിന്നാലെ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

സംഭവ സ്ഥലത്തുണ്ടായിരുന്ന ബൈക്കുകളുടെ നമ്പറുകളേ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്നും വിരോധികളുടെ ചെരുപ്പും വസ്ത്രങ്ങളും ഉപേക്ഷിച്ച് മോഷണം നടത്തുന്ന സംഭവങ്ങള്‍ കുമരകം മേഖലയില്‍ നടന്നിട്ടുള്ളതിനാല്‍ ചെരിപ്പിന്റെ ഉടമയെ തന്നെ സംശയിക്കാനാവില്ലെന്നും പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ കൃത്യം ചെയ്ത് കഴിഞ്ഞ് മലമൂത്ര വിസര്‍ജ്ജനം നടത്തി മുങ്ങുന്ന രീതിയുള്ള അക്രമികളെ തിരയുകയാണ് നിലവില്‍ പൊലീസ്.

കള്ളന്റെ ശരീരത്തില്‍ നിന്നുള്ള ഗന്ധത്തേക്കള്‍ രൂക്ഷ ഗന്ധം മലത്തിനുള്ളതിനാല്‍ പൊലീസ് നായയ്ക്ക് വരെ പിശക് പറ്റാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പൊലീസുകാര്‍ ഇന്നലെ വരെ ഡ്യൂട്്ടിയിലായിരുന്നതിനാല്‍ മിന്നല്‍ മുരളിയ്ക്കായി ഇന്നു മുതല്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്നാണ് ലഭിക്കുന്ന വിവരം.പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് അതിക്രമം നടന്നത്.

കോട്ടയം റെയില്‍വേ പൊലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് നിലവില്‍ താമസിക്കുന്നത്. ഇതോടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ട്.കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപ സംഘത്തെ ഇവിടെ നിന്ന് ഓടിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമമെന്നാണ് പൊലീസ് സംശയിക്കുന്നത്.

വൈകുന്നേരമായാല്‍ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമെന്നാണ് നാട്ടുകാര്‍ പറയുന്നുണ്ട്. റിസോര്‍ട്ടിനായി പരിസരത്തെ സ്ഥലങ്ങള്‍ വാങ്ങി വീടുകള്‍ പൊളിച്ചതോടെ ഈ പ്രദേശം ഏറെക്കുറെ വിജനമായതാണ് ഇവിടം സാമൂഹ്യവിരുദ്ധരുടെ സങ്കേതമായതിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications