'സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു', ദമ്പതികളും സുഹൃത്തും അരുണാചലിലെ ഹോട്ടലില്‍ മരിച്ച നിലയില്‍
കോട്ടയം/ഇറ്റാനഗര്‍: മൂന്ന് മലയാളികള്‍ അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. കോട്ടയത്ത് നിന്ന് കാണാതായ ദമ്പതികളേയും ഇവരുടെ സുഹൃത്തിനേയുമാണ് ഇറ്റാനഗറിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് പേരുടേയും ശരീരത്തില്‍ വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ട്. ഈ മുറിവിലൂടെ രക്തം വാര്‍ന്നാണ് ഇവര്‍ മരിച്ചത്. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ദേവിയുടെ സുഹൃത്തും അധ്യാപികയുമായ ആര്യ എന്നിവരാണ് മരിച്ചത്. .
മാര്‍ച്ച് 27 മുതല്‍ ആര്യയെ കാണാനില്ല എന്ന് രക്ഷിതാക്കള്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവിയും ഭര്‍ത്താവും കോട്ടയം മീനടത്ത് നിന്ന് കാണാതായ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ വീട്ടില്‍ നിന്ന് വിനോദയാത്രക്ക് എന്ന് പറഞ്ഞ് ഇറങ്ങിയതിനാല്‍ ബന്ധുക്കള്‍ക്ക് അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല.

അതേസമയം ഇവര്‍ ഒരേ വിമാനത്തിലാണ് ഗുവാഹത്തിയിലേക്ക് പോയത് എന്ന് പൊലീസ് കണ്ടെത്തി. ഇതോടെ കേരള പൊലീസ് വിവരം അസം പൊലീസിന് കൈമാറി. അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 'സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു' എന്ന് എഴുതിയ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് ആര്യയെ കാണാതാകുന്നത്. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു. ഫ്രഞ്ച് ആയിരുന്നു ആര്യ പഠിപ്പിച്ച വിഷയം. ഇതേ സ്‌കൂളില്‍ ദേവി ജര്‍മന്‍ ഭാഷ പഠിപ്പിച്ചിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം ഇവര്‍ സ്‌കൂളില്‍ എത്തിയിട്ടില്ല. ആര്യയും ദേവിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് മരിച്ച നവീന്‍ എന്ന് സൂചനയുണ്ട്.












Click it and Unblock the Notifications