'അഞ്ജുവിനെ സൗദിയില്‍ വച്ചും ഉപദ്രവിച്ചു, കൊന്നത് കഴുത്ത് ഞെരിച്ച്'; മൃതദേഹം നാട്ടിലെത്തിക്കാന്‍ 30 ലക്ഷം
കോട്ടയം: ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെയും മക്കളുടെയും മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വൈക്കം സ്വദേശിയായ അഞ്ജുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. അഞ്ജുവിന്റെ പിതാവ് ആശോകനെ വിളിച്ച് ബ്രിട്ടീഷ് പൊലീസ് ഇക്കാര്യം അറിയിച്ചു. ഷാളോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതില്‍ വിരള്‍ചൂണ്ടുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും.

അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെന്നും കസ്റ്റഡിയിലുള്ള ഭര്‍ത്താവ് സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അഞ്ജുവിനൊപ്പം കൊല്ലപ്പെട്ട മക്കളായ ജീവയുടെയും ജാന്‍വിയുടെയും മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇതിന് ശേഷമാണ് പൊലീസ് തുടര്‍ നടപടികളിലേക്ക് കടക്കുക.

അതേസമയം, മൃതദേഹം നാട്ടിലെത്തിക്കാന്‍ 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ ഭീമമായ ചെലവ് താങ്ങാനാകാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്‌സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ, നാല് വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് കൊല്ലപ്പെട്ടത്.

ബ്രിട്ടനിനെ കെറ്റിംഗിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

അഞ്ജു മരിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെയാണ് അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. സാജുവിനെ പൊലീസ് 72 മണിക്കൂര്‍ കസ്റ്റഡിയില്‍ സൂക്ഷിക്കും. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും പിതാവ് അശോകന്‍ പറഞ്ഞു.

അതേസമയം, അഞ്ജുവിനെ ഭര്‍ത്താവ് ഇതിന് മുമ്പും ഉപദ്രവിച്ചിരുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അഞ്ജുവിനെ വസ്ത്രത്തില്‍ പിടിച്ച് കുത്തിപ്പിടിച്ച് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും അച്ഛനോട് പറയരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അമ്മ കൃഷ്ണാമ്മ പറഞ്ഞു. ഇരുവരും സൗദിയിലായിരുന്നപ്പോള്‍ സാജുവിനെ ഭയന്നാണ് താനും കുടുംബവും കഴിഞ്ഞിരുന്നചതെന്നും കൃഷ്ണാമ്മ പറയുന്നു.

അതേസമയം, മലയാളികളുടെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ബ്രിട്ടനിലെ മലയാളി സമൂഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. 2012 ആഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് അഞ്ജു ഏഴ് വര്‍ഷത്തോളം സൗദിയില്‍ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായാണ് ജോലി ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ബ്രിട്ടനിലേക്ക് പോയത്.












Click it and Unblock the Notifications