എംജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുടെ ആരോപണം വ്യാജമെന്ന് ചാന്‍സിലര്‍; പരാതി നല്‍കിയിരുന്നില്ല
കോട്ടയം: എംജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന ആരോപണം വ്യാജമാണെന്ന് സര്‍വകലാശാല ചാന്‍സിലര്‍ സാബു തോമസ് പറഞ്ഞു. എന്തെങ്കിലും അതിക്രമം നടന്നതായി വിദ്യാര്‍ത്ഥിനി വാക്കാല്‍ പോലും തന്നോട് പരാതി ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അവരെ പൂര്‍ണമായി പിന്തുണക്കുമെന്നും വിദ്യാര്‍ത്ഥി ലബോറട്ടറിയില്‍ തിരിച്ചുവന്ന് പഠനം പൂര്‍ത്തികരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടിഎല്ലാ സൗകര്യവും നല്‍കാന്‍ തയ്യാറാണെന്നും വിസി അറിയിച്ചു. കളക്ടറുടെ ഇടപെടല്‍ വന്നാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന് അന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി സാബു തോമസിനെ അറിയിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥിനിയെ തള്ളി വി സി രംഗത്തെത്തിയത്.

എന്നാല്‍ ലൈംഗിക അതിക്രമ പരാതി അറിഞ്ഞിട്ടില്ലെന്ന് വി സി പറയുന്നത് നുണയാണെന്ന് വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. 2014 ലാണ് സംഭവം നടന്നതെന്നും അന്ന് വി സിയോടും നന്ദകുമാറിനോടും പരാതി പറഞ്ഞിട്ടുണ്ടെന്നും വിസിയും രജിസ്ട്രാറും സിന്റിക്കേറ്റ് മെമ്പര്‍മാരും അടക്കമുള്ള കഴിഞ്ഞ ചര്‍ച്ചയിലും ഇക്കാര്യം പറഞ്ഞുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. 2014 ല്‍ തന്നെ ഇക്കാര്യം വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കൊടുത്തിട്ടില്ലായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി കൂട്ടിചേര്‍ത്തു. നിലവില്‍ വിദ്യാര്‍ത്ഥിനിയുടെ നിരാഹാര സമരം തുടരുകയാണ്. വിഷയത്തിലെ കളക്ടറുടെ ഇടപെടല്‍ വൈകുകയാണ്. കളക്ടര്‍ ചര്‍ച്ച നടത്തുമെന്ന് ഇന്നലെ തഹസില്‍ദാര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും വിദ്യാര്‍ത്തിനി പറഞ്ഞു. ആറ് ദിവസം പിന്നിട്ടിരിക്കുകയാണ് ഇവരുടെ നിരാഹാര സമരം.
2014 ല്‍ സര്‍വകലാശാലയില്‍ വെച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതായാണ് എം ജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി പരാതിയുന്നയിച്ചത്. ഒരു ഗവേഷക വിദ്യാര്‍ഥിയില്‍ നിന്നും ഒരു ജീവനക്കാരനില്‍ നിന്നും അതിക്രമം നേരിട്ടുവെന്നും അന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി.സി സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു. ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ വിസി കൂടിയായ സാബു തോമസ് സ്വീകരിച്ചത് എന്നുംവിദ്യാര്‍ത്ഥിനി പറഞ്ഞു. ജീവനക്കാരന്‍ ഇപ്പോഴും ഡിപ്പാര്‍ട്ട്മെന്റില്‍ തുടരുന്നുണ്ട്. ഭയം മൂലമാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നത്. ഇനി ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കുമെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.












Click it and Unblock the Notifications