പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ആവേശത്തോടെ വോട്ടര്‍മാര്‍; ആദ്യ നാല് മണിക്കൂറിലെ പോളിംഗ് ശതമാനം ഇങ്ങനെ
കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ വോട്ടിംഗ് ആരംഭിച്ചത് മുതല്‍ മികച്ച പോളിംഗ്. ജോലി ദിവസമായതിനാല്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയ പലരും ഇപ്പോഴും ക്യൂവില്‍ തുടരുകയാണ്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ 11 മണി വരെ 30 ശതമാനത്തിലേറെ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എട്ട് പഞ്ചായത്തുകളിലും നല്ല പോളിംഗ് ആണ് അനുഭവപ്പെടുന്നത്.
മിക്ക പോളിംഗ് സ്‌റ്റേഷനുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. പലയിടത്തും സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണര്‍കാട് കണിയാംകുന്ന് യു പി സ്‌കൂളിലെത്തി വോട്ട് ചെയ്തു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്. മാതാവ് മറിയാമ്മ, സഹോദരിമാരായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്തത്.

എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടില്ല. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. പുതുപ്പള്ളി മണ്ഡലത്തില്‍ ആകെ 176417 വോട്ടര്‍മാരാണ് ഉള്ളത്. 90281 സ്ത്രീകളും 86132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളുമാണ് മണ്ഡലത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായിട്ടുള്ളത്. ഇവര്‍ക്കായി 182 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
നിലവിലെ ട്രെന്‍ഡ് അനുസരിച്ച് പോളിംഗ് 80 ശതമാനം പിന്നിട്ടേക്കും എന്നാണ് പലരുടേയും നിരീക്ഷണം. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപതരംഗം വോട്ടെടുപ്പിനെ സ്വാധീനിക്കും എന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. എന്നാല്‍ മണ്ഡലത്തിലെ വികസന മുരടിപ്പും സര്‍ക്കാരിന്റെ നേട്ടങ്ങളിലുമാണ് എല്‍ ഡി എഫ് പ്രതീക്ഷ വെക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് 54,328 വോട്ട് നേടിയിരുന്നു.
ഇത്തവണ ഇതിനൊപ്പം ഒരു 10000 വോട്ട് കൂടി അധികം നേടിയാല്‍ ചരിത്രം സൃഷ്ടിക്കാം എന്നാണ് എല്‍ ഡി എഫ് നിഗമനം. എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലൂക്ക് തോമസും പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. സഭകളും സമുദായ നേതൃത്വങ്ങളും സ്വീകരിക്കുന്ന നിലപാടും ഭരണങ്ങളുടെ വിലയിരുത്തലുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനിടയുള്ള ഘടകങ്ങളാണ്.












Click it and Unblock the Notifications