ചാണ്ടി ഉമ്മൻ സിനിമ കാണാൻ പോയതിനെക്കുറിച്ച് ചോദ്യം; ജെയ്ക്കിന്റെ കിടിലൻ ഉത്തരം ഇങ്ങനെ..
കോട്ടയം: പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സിനിമയ്ക്ക് പോയ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് ചാണ്ടി ഉമ്മൻ സിനിമ കാണാനും സമയം കണ്ടെത്തിയത്.
പാലായിലെ തിയറ്ററിലേക്ക് എത്തിയാണ്, ചാണ്ടി ഉമ്മനും കൂടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും ചേർന്ന് രജനീകാന്ത് ചിത്രം 'ജയിലർ' കണ്ടത്. അതേ സമയം, ഇന്നലെയായിരുന്നു പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും എട്ടാം തിയതി ഫലം അറിയുന്നത് വരെ എല്ലാവരും സമ്മർദ്ദത്തിൽ തന്നെയായിരിക്കും.

ഇപ്പോൾ ചാണ്ടി ഉമ്മൻ സിനിമയ്ക്ക് പോയതിനെക്കുറിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
സിനിമയ്ക്ക് പോകുന്നതും പാട്ട് കേൾക്കുകയും കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതുമൊക്കെ ഒരാളുടെ സ്വകാര്യ കാര്യമാണെന്നും അവകാശമാണെന്നും അവരൊയൊക്കെ അവരുടെ വഴിക്ക് വിടണം എന്നും ജെയ്ക്ക് പറഞ്ഞു. അതേസമയമം വോട്ടെടുപ്പ് കഴിഞ്ഞാലും പൂർണ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂർണ വിശ്രമം എന്നൊന്നുമില്ല. മുൻകൂട്ടി നിശ്ചിയിച്ച വളരെ സ്വാകാര്യ ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിലേക്ക് കടക്കും. സിനിമ കാണുന്നതൊക്കെ എല്ലാവരുടേയും സ്വകാര്യ കാര്യങ്ങൾ അല്ലേ? സിനിമയ്ക്ക് പോകുകയോ പാട്ട് കേൾക്കുകയോ കുടുംബത്തോടൊപ്പം ചെലവഴിക്കുകയോ ചെയ്യുന്നത്.
അവരുടെ അവകാശമാണ്. മാതാപിതാക്കളോട് , ജീവിത പങ്കാളികളോട്, പ്രണയിനികളോട്, കാമുകിമാരോടൊപ്പം സമയം ചെലവഴിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അവരെയൊക്കെ അവരുടെ വഴിക്ക് വിടണം എന്നുള്ളതാണ് എന്റെ അഭിപ്രായം.
ഇന്നലെ മുതൽ മാധ്യമപ്രവർത്തകരെ എല്ലാ ദിവസവും അഭിസംബോധന ചെയ്യേണ്ടി വരുന്ന ഏർപ്പാട് അവസാനിച്ചു എന്നുള്ള ആശ്വാസത്തിലായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. വീടിന് മുറ്റം ഒക്കെ ഉള്ളതാണല്ലോ. പണ്ട് മുതലെ എന്റെയൊരു ശീലം പുറത്തുവന്ന് പല്ലുതേക്കുകയും ആളുകളോട് സംസാരിക്കയുമൊക്കെയാണ്.
കഴിഞ്ഞ 10 - 20 ദിവസമായിട്ട് ഞാൻ എഴുന്നേറ്റ് വരുമ്പോൾ കാണുന്നത് നിങ്ങളെയാണ്. എന്റെ ദിനചര്യ ആകെ തകർത്തുതരിപ്പണമാക്കി, ജെയ്ക്ക് പറഞ്ഞു. എം എൽ എ ആയാൽ ഇതിലും ആളുകൂടും എന്നു മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അതൊക്കെ വരട്ടെ എന്നായിരുന്നു ജെയ്ക്ക് പറഞ്ഞു.












Click it and Unblock the Notifications