Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിന്‍ഗാമിയാരെന്ന് അപ്പ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞിട്ടില്ല'; സുധീരന് ചാണ്ടി ഉമ്മന്റെ മറുപടി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല എന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ജീവിച്ചിരിക്കുമ്പോള്‍ അത്തരത്തില്‍ ഒരു പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്ന് ചാണ്ടി ഉമ്മന്‍ ഓര്‍മിപ്പിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ, ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി മത്സരിപ്പിക്കണം എന്ന കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്റെ പരാമര്‍ശത്തോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

'ജീവിച്ചിരുന്നപ്പോള്‍ ചാണ്ടി ഉമ്മനാണ് തന്റെ പിന്‍ഗാമിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല. അതിനാല്‍ ഇപ്പോള്‍ പിന്‍ഗാമി താനാണെന്ന് അവകാശപ്പെടുന്നത് ശരിയല്ല,' ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ആദ്യമായി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ എത്തിയ ചാണ്ടി ഉമ്മന്‍ മനോരമ ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞിരുന്നു.

Chandy Oommen

എന്നാല്‍ സുധീരന്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ് എന്നും പാര്‍ട്ടി പറയുന്നതിന് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. താനിപ്പോള്‍ സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് എന്നും അത് അതേ രീതിയില്‍ തന്നെ തുടരും എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ' അപ്പ ഒരിക്കലും ഒരു പിന്‍ഗാമിയെ പറഞ്ഞിട്ടു പോകുന്ന ആളല്ല,' ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 20 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും പല തവണ തന്റെ പേര് പറയാന്‍ അദ്ദേഗത്തിന് അവസരമുണ്ടായിരുന്നു എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം ചെയ്യാത്ത ഒരു കാര്യം നമ്മളായിട്ട് എങ്ങനെ ചെയ്യും എന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. കേരളത്തിലാകെ താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പുതുപ്പള്ളിയിലും പ്രവര്‍ത്തിക്കും എന്നു മാത്രമേ തനിക്ക് പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയില്‍ പാതിവഴിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പണി പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് നിര്‍ത്തി വെക്കുന്നതിന് ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. ആ കാരണം ഇന്നും നിലനില്‍ക്കുന്നു. അതിനാല്‍ പണി തുടരാന്‍ സാഹചര്യങ്ങള്‍ അനുകൂലമാകണം എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് തീരുമാനിക്കാം എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു.

ഇതോടെ ചാണ്ടി ഉമ്മനൊപ്പം സഹോദരി അച്ചു ഉമ്മന്റെ പേരും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു ഉമ്മന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചാണ്ടി ഉമ്മന്‍ തന്നെയായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുക എന്ന് ഉറപ്പാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി ബ്രിഗേഡില്‍ അംഗമായ ചാണ്ടി ഉമ്മനെ ദേശീയ രാഷ്ട്രീയത്തിലേക്ക് വിടണം എന്ന് അഭിപ്രായമുള്ളവരും ഉണ്ട്.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ചാണ്ടി ഉമ്മന്‍ സജീവമായിരുന്നു. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ജെ പിയിലേക്ക് കൂറുമാറിയപ്പോഴും ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജയ്‌റാം രമേശ് അടക്കമുള്ളവര്‍ ചാണ്ടി ഉമ്മന്റെ പാര്‍ട്ടിയോടുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കാപ്പം തന്നെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+