വടകരയില്‍ കുടുംബത്തിന് നേരെ അതിക്രമം: ക്രൂരമെന്ന് കെകെ രമ, രണ്ട് പേർ അറസ്റ്റില്‍
വടകര: പുതുപ്പണത്ത് വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ രണ്ട് ബി ജെ പി പ്രവർത്തകർ അറസ്റ്റില്‍. വടകര താഴെ അങ്ങാടി സ്വദേശി അബ്ദുൽ നാസറിനും കുടുംബത്തിനും നേരെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. വീട്ടിലെത്തിയ ഒരു സംഘം കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. രണ്ടു സ്ത്രീകളും രണ്ടു മക്കളുമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇതോടെ വീട്ടിൽ താമസിക്കുന്ന അബ്ദുൽ നാസർ വീട്ടുടമയെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ വീട്ടുടമ സുഗുണൻ, മകൻ അമൽ, സുഗുണന്റെ സുഹൃത്ത് ലക്ഷ്മി നിവാസിൽ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിൽ പുത്രാളം വീട്ടിൽ ശ്യാം മോഹൻ (29), നെടുങ്കുനിയിൽ അഖിൽ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരിക്കേറ്റ കുടുംബാംഗങ്ങളെ സ്ഥലം എംഎല്‍എ കെകെ രമ സന്ദർശിച്ചു. നീതീകരിക്കാന്‍ കഴിയാത്ത അക്രമണമാണ് നടന്നതെന്ന് സന്ദർശനത്തിന് പിന്നാലെ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. എംഎല്‍എയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വടകരയിലെ പുതുപ്പണത്ത് കൊക്കഞ്ഞാത്ത് പ്രദേശത്ത് ഇന്നലെ നടന്നത് നീതീകരിക്കാനാവാത്ത അക്രമമാണ്. വാടക വീട്ടിൽ താമസിക്കുന്ന താഴെ അങ്ങാടി സ്വദേശി അബ്ദുൾ നാസറിന്റെ വീട്ടിൽ കയറി ഒരു കൂട്ടമാളുകൾ പ്രായമായ രണ്ടു സ്ത്രീകളും കുട്ടിയും മാത്രമുള്ള സമയത്ത് കടന്നു കയറി അക്രമം അഴിച്ചു വിടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുടമസ്ഥനായ മേപ്പയിൽ എലിമ്പന്റവിട സുഗുണനെയും വിദ്യാർഥിയായ മകൻ അമലിനെയും, അയൽവാസി ബാബുവിനെയും ഈ ക്രിമിനൽ സംഘം അതിക്രൂരമായി ആക്രമിച്ചു.
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും
മൂന്നുപേർക്കും സാരമായ പരിക്കുകളുണ്ട്. മാരകായുധങ്ങൾ ഉപയോഗിച്ചാണ് ഇവരെ ആക്രമിച്ചതെന്നത് വ്യക്തമാണ്, അമലിന്റെ തോളെല്ലുകൾ പൊട്ടിയ നിലയിലാണ്. സർജ്ജറി വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ബാബുവിന്റെ ഒരു കൈ അക്രമിസംഘം അടിച്ചു പൊട്ടിച്ചു. അദ്ദേഹത്തിന്റെ തലയ്ക്ക് ആറോളം സ്റ്റിച്ചുകളുമുണ്ട്. എന്തിനാണ് തങ്ങളെ മർദ്ദിച്ചതെന്നോ, എന്താണ് അക്രമികളുടെ ലക്ഷ്യമെന്നോ മർദ്ദനത്തിരയായ മൂന്നുപേർക്കും മനസിലായിട്ടില്ല. ഇവരും കുടുംബവും ആക്രമണത്തിന്റെ ഷോക്കിൽ നിന്നും ഇപ്പോഴും മുക്തരായിട്ടില്ല.
വീട്ടുകാർ അക്രമികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊലിസിൽ അറിയിച്ചിട്ടുണ്ട്. ഈ ക്രൂരതയ്ക്ക് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണം. ഇത്തരം സംഘങ്ങൾക്കുള്ള കൃത്യമായ മറുപടിയായിരിക്കണം വടകരയിലെ പൊലിസിന്റെ നടപടി. റൂറൽ എസ്.പിയോട് കാര്യങ്ങൾ വിശദമായി സംസാരിച്ചിട്ടുണ്ട്. ഇത്തരം ക്രിമിനലുകളെ ഒറ്റപ്പെടുത്താൻ പൊതുസമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്.












Click it and Unblock the Notifications