കണ്ടാല്‍ ചിരിക്കാത്ത കേന്ദ്ര മന്ത്രിമാർ; വിവാദ കുറിപ്പില്‍ വിശദീകരണവുമായി ബിജെപി ജില്ലാ സെക്രട്ടറി
കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി ബി ജെ പി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റെനീഷ്. കുറിപ്പ് പിന്‍വലിച്ചെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന രീതിയിലാണ് റെനീഷിന്റെ വിശദീകരണം. ഫേസ്ബുക്കില്‍ താന്‍ പങ്കുവെച്ച കാര്യങ്ങള്‍ പൂർണ്ണമായി മനസ്സിലായാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് ബി ജെ പി ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നത്.
പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ കുറിപ്പ് പിന്‍വിച്ചത്. താന്‍ പങ്കുവെച്ച കാര്യങ്ങള്‍ ഏതെങ്കിലും പ്രവർത്തകർക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആരേയും വ്യക്തിപരമായി കുറ്റപ്പെടുത്തുന്നതോ ലക്ഷ്യം വെക്കുന്നതോ ആയിരുന്നില്ല തന്റെ കുറിപ്പ്. അത് തങ്ങളെ ലക്ഷ്യം വെച്ചാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ പ്രവർത്തകരോട് പെരുമാറുന്ന രീതി മാറ്റണം. ബി ജെ പി അല്ല ഏത് പാർട്ടിയില്‍ പെടുന്ന ആളാണെങ്കിലും സ്ഥാനമാങ്ങള്‍ ലഭിച്ചാല്‍ പ്രവർത്തകരെ മറക്കാന്‍ പാടില്ല. ഞാന്‍ എന്റെ അനുഭവമാണ് പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി കുമാർ വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോള്‍ അദ്ദേഹത്തില്‍ നിന്നുമുണ്ടായ അനുഭവം വിശദീകരിച്ചുകൊണ്ടായിരുന്നു റെനീഷ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ വിമർശിച്ചത്. റെനീഷിന്റെ വിവാദമായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് കോഴിക്കോട് എത്തിയിരുന്നു. സ്റ്റേഷനിൽ ഇറങ്ങി പുറത്ത് ഇറങ്ങിയപ്പോൾ ധാരാളം പേർ നിവേധനങ്ങളുമായ് കാത്തുനിൽക്കുന്നു. പുറത്ത് ഗ്രൗണിൽ വെയിലെത്ത് നിന്നുകൊണ്ട് നിവേധനം സ്വീകരിച്ചു എന്നുമാത്രമല്ല കാര്യങ്ങൾ വ്യക്തമായ് കേൾക്കുകയും മറുപടി നൽകുകയും
ചെയ്തു. അതിനുശേഷം ഉദ്ഘാടന നഗരിയിൽ എത്തിയ ശേഷം പാർട്ടി അനുഭാവികളുടെ പ്രവർത്തകരുടെ നിവേദനങ്ങൾ നേരിട്ട് വാങ്ങി അവർക്ക് പറയാനുള്ളത് ക്ഷമയോടെ പൂർണ്ണമായ് കേൾക്കുകയും ചെയ്തു.
സത്യത്തിൽ എനിക്ക് വളരെ സന്തോഷം തോന്നി കാരണം കേരളത്തിൽ നിന്ന് പാർട്ടിയുടെ പേരിൽ മന്ത്രി പദത്തിൽ എത്തിയ പലരിൽ നിന്നും ലഭിക്കാത്ത വ്യത്യസ്തമായ അനുഭവം . പൊതുജനങ്ങളുടെ വിഷയങ്ങളിൽ എന്നപ്പോലെ ഈ പാർട്ടിയെ വളർത്തുന്നതിന് രാവും പകലും കഠിനാധ്വാനം ചെയ്യുന്ന പാർട്ടി പ്രവർത്തകരോട് ഒന്ന് ചിരിക്കുകപോലും ചെയ്യാത്ത പലരേയും നമ്മുക്ക് കാണാൻ സാധിക്കും.
അത്തരം വ്യക്തികൾ മനസ്സിലാക്കേണ്ടത് ഒരുപാട് പേർ തങ്ങുടെ ജീവനും ജീവിതവും നൽകിയതിൻ് ഫലമാണ് തങ്ങൾ അനുഭവിക്കുന്ന എല്ലാ സുഖ സൗകര്യങ്ങളും എന്നുള്ളത്. അല്ലാതെ തങ്ങളുടെ സ്വന്തം മിടുക്ക് കൊണ്ടാണ് സ്ഥാനമാനങ്ങൾ ലഭിക്കുന്നത് എന്ന ചിന്ത ഇനിയെങ്കിലും ഒഴിവാക്കണം. നിസ്ഥാർത്ഥമായ് പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകൾക്ക് വേണ്ടി ഒന്നും ചെയ്തിലെങ്കിലും അവർക്ക് പറയാനുള്ളത് കേൾക്കാനും ഒന്ന് തോളിൽ തട്ടി നമ്മുക്ക് ശ്രമിക്കാം എന്ന് പറയാനുള്ള നല്ല മനസ്സ് ഉണ്ടാകട്ടെ.












Click it and Unblock the Notifications