കോഴിക്കോട് 5 സീറ്റില്‍ വിജയം പ്രതീക്ഷിച്ച് ബിജെപി; വത്സന്‍ തില്ലങ്കേരി മുതല്‍ സിനിമാ താരങ്ങള്‍ വരെ പരിഗണനയില്‍
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ മികച്ച മുന്നേറ്റം നടത്താന് സാധിച്ചില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 സീറ്റുകള്‍ വരെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 25000 ലേറെ വോട്ട് നേടിയ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. സംസ്ഥാന നേതാക്കള്‍ മുതല്‍ സിനിമാ-കായിക താരങ്ങള്‍ വരെ ബിജെപി പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വല്‍സന്‍ തില്ലങ്കേരി
കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമായി പ്രമുഖരായ മൂന്ന് നേതാക്കളെയെങ്കിലും ബിജെപിയില്‍ എത്തിക്കാനുള്ള ശ്രമവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കുന്നംമംഗലം, ബേപ്പൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ. പ്രമുഖ ആര്‍എസ്എസ് നേതാവ വല്‍സന്‍ തില്ലങ്കേരിയെ എലത്തൂരിലേക്കാണ് പരിഗണിക്കുന്നത്.

നോര്‍ത്ത് മണ്ഡലത്തിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തലേറെ വോട്ടുകള്‍ നേടിയ നോര്‍ത്ത് മണ്ഡലത്തിലേക്ക് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യം ജില്ലയിലെ നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സുരേന്ദ്രന്‍ കോന്നിയില്‍ നിന്നോ തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നുമോ മത്സരിച്ചേക്കും.

എംടി രമേശിന് സാധ്യത
കെ സുരേന്ദ്രന്‍ ഇല്ലാത്ത പക്ഷം എംടി രമേശിനാണ് നോര്‍ത്തില്‍ സാധ്യതയെന്ന് ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടുന്നു. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് രണ്ടാംവട്ടവും വിജയിച്ച നവ്യ ഹരിദാസിനേയും മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ ജില്ലയില്‍ ഇടതുമുന്നണിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് എന്‍സിപിയില്‍ നിന്നും എകെ ശശീന്ദ്രന്‍ മത്സരിച്ച എലത്തൂര്‍.

കോണ്‍ഗ്രസില്‍ നിന്നും
എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുമുള്ള പ്രമുഖ നേതാവിനെ ബിജെപി ടിക്കറ്റില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളും സജീവമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെക്കാന് സാധിച്ച കുന്നമംഗലം മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി പി രഘുനാഥ്, ജില്ലാ പ്രസിഡന്‍റ് വികെ സജീവന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.

അലി അക്ബറിന്‍റെ പേരും
സജീവനെ വടകരയിലേക്കും പരിഗണിക്കുന്നുണ്ട്. പാര്‍ട്ടി വലിയ വിജയ പ്രതീക്ഷ വെക്കുന്ന മറ്റൊരു മണ്ഡലം ബേപ്പൂര്‍ ആണ്. സംസ്ഥാന സെക്രട്ടറി കെ.പി. പ്രകാശ് ബാബു, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പ്രഫുല്‍ കൃഷ്ണന്‍ എന്നിവരുടെ പേരിനൊപ്പം സിനിമാ സംവിധായകന്‍ അലി അക്ബറിന്‍റെ പേരും സാധ്യതാ പട്ടികയിലുണ്ട്. സൗത്ത് മണ്ഡലത്തിലേക്കും പ്രഫുലിനെ പരിഗണിക്കുന്നു.

വത്സന്‍ തില്ലങ്കേരി ഇല്ലെങ്കില്‍
എലത്തൂരില്‍ വത്സന്‍ തില്ലങ്കേരി ഇല്ലെങ്കില്‍ വിവി രാജന്‍, ടിപി ജയചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന് സാധിച്ച കൊയിലാണ്ടി മണ്ഡലത്തില്‍ കെപി ശ്രീശൻ, എൻ പി രാധാകൃഷ്ണൻ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. രാജേഷിന് പുറമെ രജനീഷ് ബാബു, രാജേഷ് നാദാപുരം എന്നിവരും പരിണഗിനയിലുണ്ട്.

രണ്ട് സീറ്റിലെങ്കിലും
5 സീറ്റുകള്‍ ലക്ഷ്യം വെച്ച് പരമാവധി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. രണ്ട് സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിക്കണമെന്നും നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. നഗരപരിധിയിലാണ് കൂടുതല്‍ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 7 സീറ്റുകള്‍ നിലനിര്‍ത്താനും 22 ഇടത്ത് രണ്ടാമത് എത്താനും ബിജെപിക്ക് സാധിച്ചിരുന്നു.

കേരള യാത്രയ്ക്ക്
ഫെബ്രുവരിയില്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്രയ്ക്ക് മുന്‍പായി സ്ഥാനാര്‍ത്ഥി നിര്‍ണ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് ബിജെപി ശ്രമം. ബെംഗളൂരു ആസ്ഥാനമായ ഒരു ഏജന്‍സി മുഖേന ജില്ലയിലുള്‍പ്പടെ ദേശീയ നേതൃത്വം അഭിപ്രായ സര്‍വേ നടത്തുന്നുണ്ട്. വിജയ സാധ്യത പഠിച്ചിട്ട് മാത്രമേ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളുവെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.