കൊടുവള്ളിയില്‍ സ്വര്‍ണവ്യാപാരിയെ കാറിടിച്ച് വീഴ്ത്തി കവര്‍ച്ച; നഷ്ടപ്പെട്ടത് 2 കിലോയോളം സ്വര്‍ണം!
കോഴിക്കോട്: സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോയോളം തൂക്കം വരുന്ന സ്വര്‍ണം കവര്‍ന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുത്തമ്പലം സ്വദേശി ബൈജുവിനെ കാറിലെത്തിയ കവര്‍ച്ചാ സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണം കവരുകയായിരുന്നു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ കൊടുവള്ളി- ഓമശ്ശേരി റോഡില്‍ വെച്ചായിരുന്നു സംഭവം. റോഡില്‍ തെറിച്ച് വീണ ബൈജുവിന്റെ ബാഗില്‍ ഉണ്ടായിരുന്ന സ്വര്‍ണവുമായി സംഘം കടന്ന് കളയുകയായിരുന്നു. അപകടത്തില്‍ ബൈജുവിന് പരിക്കേറ്റിട്ടുണ്ട്. ഒരു വെള്ള സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് ബൈജു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബസ് സ്റ്റാന്‍ഡിനു സമീപം ആഭരണ നിര്‍മാണ യൂണിറ്റ് നടത്തുകയാണ് ബൈജു. ആഭരണ നിര്‍മാണശാലയില്‍ നിന്നു പുറപ്പെട്ട ബൈജുവിനെ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ബൈജുവിന്റെ വീടിന് 150 മീറ്റര്‍ മാത്രം അകലെ വെച്ചാണ് സംഭവം. 1.75 കിലോ ഗ്രാം സ്വര്‍ണമായിരുന്നു ബൈജുവിന്റെ കൈവശമുണ്ടായിരുന്നത്. ഇത് മുഴുവനും കവര്‍ച്ചാ സംഘം മോഷ്ടിച്ചു.
സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അക്രമി സംഘം എത്തിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമെന്ന് പൊലീസ് കണ്ടെത്തി. ബൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കാറിന്റെ നമ്പര്‍ വ്യാജമെന്ന് കണ്ടെത്തിയത്. മോഷ്ടാക്കളെ കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് ബൈജു പറഞ്ഞു.
'ജീവന്‍ തിരിച്ചുകിട്ടയത് ഭാഗ്യമാണ്. മോഷ്ടാക്കളെ കണ്ടാല്‍ തിരിച്ചറിയാനാകും. അവരെ ഉടന്‍ പിടികൂടണം,' അദ്ദേഹം പറഞ്ഞു. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് ബെജു പൊലീസിന് നല്‍കിയ മൊഴി. ആഭരണ നിര്‍മാണത്തിനൊപ്പം ബൈജുവിന് സ്വര്‍ണ വില്‍പനയുമുണ്ട്. മറ്റ് പലരും ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി ഏല്‍പ്പിച്ച സ്വര്‍ണവും തന്റെ കൈവശമുണ്ടായിരുന്നു എന്ന് ബൈജു പറയുന്നു.
അതേസമയം പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതായി കൊടുവള്ളി പൊലീസ് പറഞ്ഞു. പ്രദേശത്ത് വാഹന പരിശോധന പൊലീസ് ശക്തമാക്കിയിട്ടുണ്ട്. രണ്ട് മാസം മുന്‍പ് കുതിരാന്‍ കല്ലിടുക്കില്‍ സ്വര്‍ണ വ്യാപാരിയുടെ വാഹനം തടഞ്ഞ് കവര്‍ച്ച നടത്തിയിരുന്നു. അന്നത്തെ കവര്‍ച്ച സംഘം വന്ന കാറിന്റെയും നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications