ആ ദൃശ്യാവിഷ്‌കാരം യാദൃശ്ചികമല്ല; പ്രതിഷേധവുമായി മുസ്ലിം ലീഗ്, മുഖ്യമന്ത്രിക്ക് കൊട്ട്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരനാക്കി ചിത്രീകരിച്ചത് വിവാദമായിരിക്കെ, കടുത്ത പ്രതിഷേധവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എംഎല്‍എ. ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കമാണിതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു.
ഉത്തരവാദപ്പെട്ട മന്ത്രിമാര്‍ക്ക് മുമ്പിലാണ് ഇങ്ങനെ ഒരു അവതരണം നടന്നത്. യാദൃശ്ചികമായി സംഭവിച്ചതാണ് എന്ന് കരുതാനാകില്ല. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്നതാണ് സമകാലിന ഇന്ത്യയുടെ അവസ്ഥ. ഈ സാഹചര്യത്തില്‍ അവതരിപ്പിക്കപ്പെട്ട സംഗീത ശില്‍പ്പം ഇളംമനസുകളില്‍ സൃഷ്ടിക്കുന്ന വിസ്‌ഫോടനം വളരെ വലുതാകുമെന്നും കെപിഎ മജീദ് പറയുന്നു.

നേരത്തെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. സംഗീത വിരുന്നിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ട് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കെപിഎ മജീദ് പ്രതിഷേധം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട സംഗീത ശില്‍പത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമാണ്. സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ല എന്ന് വ്യക്തമാണ്. ഇസ്ലാമോഫോബിയയുടെ നേര്‍ചിത്രമാണിത്. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയില്‍ ഈ ചിത്രം ഇളംമനസ്സുകളില്‍ സൃഷ്ടിക്കുന്ന വിസ്ഫോടനം വലുതായിരിക്കും.
മൈതാനം കാണുമ്പോള്‍ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശില്‍പം അവതരിപ്പിക്കപ്പെട്ടത്. ഇത് ജാഗ്രതക്കുറവായി തള്ളിക്കളയേണ്ട വിഷയമല്ല. സര്‍ക്കാരിനും സംഘാടകര്‍ക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാവില്ല. ബന്ധപ്പെട്ടവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം.- കെപിഎ മജീദ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications