ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞു; മുത്തശ്ശി മരിച്ചു, 9-കാരി 10 മാസമായി കോമയില്‍: ഒടുവില്‍ പ്രതി പിടിയില്‍
കോഴിക്കോട്: വടകരയില്‍ ഒമ്പതു വയസ്സുകാരിയേയും മുത്തശ്ശിയേയും ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. വടകര പുറമേരി സ്വദേശി ഷജീലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നും അപകട സമയത്ത് ഇയാള്‍ തന്നെയാണ് കാർ ഓടിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. അപകടത്തില്‍ കണ്ണൂർ താഴെ ചൊവ്വ സ്വദേശികളായ സുധീറിൻറെയും സ്മിതയുടേയും മകള്‍ ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 10 മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ് ദൃശാന.
ഈ വർഷം ഫെബ്രുവരി 17 നായിരുന്നു സംഭവം. ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കവേ അമിത വേഗത്തിലെത്തിയ കാർ ഇരുവരേയും ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. ദേശീയ പാതയിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ അപകടമുണ്ടാക്കിയത് സ്വിഫ്റ്റ് കാറാണെന്ന് കണ്ടെത്താന്‍ സാധിച്ചു. കാർ ഏതാണെന്ന് മനസ്സിലായെങ്കിലും നമ്പർ വ്യക്തമാകാതിരുന്നത് അന്വേഷണം വഴി മുട്ടിച്ചു.

കാർ കണ്ടെത്താനായി കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലയിലെ 500 വർക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് 50000 കോൾ ഡിറ്ററയിൽസും 19,000 വാഹന രജിസ്ട്രേഷനുകൾ പരിശോധിക്കുകയും ചെയ്തു. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ വിവിധ ക്ലെയിമുകള്‍ പരിശോധിക്കാനുള്ള തീരുമാനമാണ് ഒടുവില്‍ വഴിത്തിരിവായത്.
2024 മാർച്ചിൽ മതിലിലിടിച്ചു എന്ന പേരിൽ ഒരു സ്വിഫ്റ്റ് കാർ ക്ലെയിം ചെയ്തതായി കണ്ടെത്തി. ഈ ക്ലെയിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിന്റെ ചുരുളുകള്‍ അഴിയുന്നത്. അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഷജീലിനെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലിസ് ഇപ്പോള്‍.
ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. കാറില്‍ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കാറില്‍ പിന്‍സീറ്റിലായിരുന്ന കുട്ടികള്‍ മുന്‍സീറ്റിലേക്ക് വരണമെന്ന് വാശിപിച്ചതിനെ തുടർന്നുണ്ടായ സംഭാഷണത്തിന് ഇടയിലാണ് അപകടമുണ്ടാകുന്നത്. അപകടം നടന്നത് മറ്റാരോടും പറയാതെ മറച്ചു വെച്ചു. പിടികൂടാതിരിക്കാന്‍ പ്രതി വണ്ടിയില്‍ ചെറിയ മോഡിഫിക്കേഷന്‍ വരുത്തിയിരുന്നു. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications