മലപ്പുറത്ത് കല്യാണ ചടങ്ങിൽ പങ്കെടുത്ത 170 പേർക്ക് ഭക്ഷ്യവിഷബാധ: കർശന നിർദേശങ്ങളുമായി ഡിഎംഒ
മലപ്പുറം: ജില്ലയിൽ പാലപ്പെട്ടി പഞ്ചായത്തിൽ കല്യാണ ചടങ്ങിൽ പങ്കെടുത്ത 170 പേർക്ക് ഭക്ഷ്യവിഷബാധ. കല്യാണ പരിപാടിക്ക് ഉപയോഗിച്ച കിണറിലെ വെള്ളത്തിൽ നിന്നോ പുറത്തുനിന്നും വാങ്ങി ഉപയോഗിച്ച വെള്ളത്തിൽ നിന്നോ ആണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് നിഗമനം. ആളുകളെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും അപകടനില തരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ ആർ രേണുക അറിയിച്ചു.
ജില്ലയിലെ മാറഞ്ചേരി ആരോഗ്യ ബ്ലോക്കിന് കീഴിൽ തീരദേശ മേഖലയിൽ ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ടാം തവണയാണ് ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്. അതുകൊണ്ട് നിരവധി ആളുകൾ പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ പൊതുജനങ്ങൾ എല്ലാവരും പ്രത്യേകിച്ച് തീരദേശ മേഖലയിലുള്ളവരും ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡി എം ഒ വ്യക്തമാക്കി.

ഭക്ഷ്യവിഷബാധക്കെതിരെയും ജലജന്യ രോഗങ്ങൾക്കെതിരെയും പ്രതിരോധ നടപടി സ്വീകരിക്കുന്നതിനായി വിവാഹ സത്കാരങ്ങളും മറ്റു ആഘോഷ പരിപാടികളും നടത്തുമ്പോൾ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതും ആവശ്യമായ മാർഗനിർദേശങ്ങൾ തേടേണ്ടതുമാണ്. തുടർന്നും ഇതുപോലെയുള്ള പരിപാടികളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകുകയാണെങ്കിൽ പൊതുജനാരോഗ്യ നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് ശുപാർശ ചെയ്യും.
ജനങ്ങൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനം ശാസ്ത്രീയമല്ലാത്തതിനാൽ കിണറുകളിലെ കുടിവെള്ളവും മലിനപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കിണറുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക. കടകളിൽ നിന്നും ഐസ് വാങ്ങി ഉപയോഗിക്കുമ്പോൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നും മാത്രം വാങ്ങി ഉപയോഗിക്കുക.
ശീതള പാനീയങ്ങൾ തയ്യാറാക്കുമ്പോൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ വെള്ളം മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. അടുക്കള, സ്റ്റോർ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്യുകയോ പഴകിയതും ഉപയോഗ ശൂന്യവുമായതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണെന്നും ഡി എം ഒ അറിയിച്ചു.












Click it and Unblock the Notifications