വാക്സിനെടുത്തു പിന്നാലെ അലർജിയ്ക്ക് ഇഞ്ചക്ഷനും എടുത്തു; കുറ്റിപുറത്ത് 29- കാരി മരണപ്പെട്ടു
വാക്സിനെടുത്തു പിന്നാലെ അലർജിയ്ക്ക് ഇഞ്ചക്ഷനും എടുത്തു; കുറ്റിപുറത്ത് 29- കാരി മരണപ്പെട്ടു
മലപ്പുറം: കോവിഡ് വാക്സിൻ എടുത്തതിന് പിന്നാലെ അലർജി ബാധിച്ച് യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണ കാരണം അറിയാനാവൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു.കുറ്റിപ്പുറം കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി. വി. അസ്ന ആണ് മരിച്ചത്.
29 വയസ്സ് ആയിരുന്നു ഈ യുവതിയ്ക്ക്. ഇവർ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്നാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 9.40 ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മൂന്ന് മാസം മുമ്പ് യുവതിയ്ക്ക് കോവിഡ് രോഗം ബാധിച്ചിരുന്നു. തുടർന്ന് യുവതി ഈ മാസം 24 - ന് കൊവിഷീൽഡ് ഡോസ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. എന്നാൽ, ഇവർക്ക് ശരീരത്തിലെ കഴുത്തിലും മറ്റും ചൊറിച്ചിൽ അനുഭവപ്പെട്ടിരുന്നു. വാക്സിൻ എടുത്തതിന് ശേഷം 25 -ാം തീയതി രാവിലെ ആണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്.
ഇതിനെ തുടർന്ന് യുവതിയെ 25 -ന് വൈകിട്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ച് യുവതിയ്ക്ക് രണ്ട് ഡോസ് ഇഞ്ചക്ഷനുകൾ നൽകിയിരുന്നു. തുടർന്ന് 10 മിനുട്ടിന് അകം യുവതി ബോധ രഹിതയായി.
ബോധ രഹിത ആയ യുവതിയുടെ ശരീരത്തിൽ രക്തസമ്മർദ്ദം കുറഞ്ഞതോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു. യുവതിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നത് അടക്കം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ അറിയാൻ സാധിക്കൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മൃതദേഹം ഇന്ന് കുറ്റിപ്പുറം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യും. മകൻ: മുഹമ്മദ് ഷിഫ്വാൻ (9). പിതാവ്: വി.പി.ഹമീദ്, മാതാവ്: ആമിനക്കുട്ടി.
അതേസമയം, മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം 207 പേർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.24 % ആണ്. സമ്പർക്കത്തിലൂടെ മാത്രം രോഗം ബാധിച്ചത് 205 പേർക്കും ഉറവിടം അറിയാതെ 2 പേർക്കും ആണ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയത്. അതേസമയം, ജില്ലയിൽ വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 30,27,519 ആയി. 16,57,295 പേർ ആണ് രണ്ടാം കോവിഡ് വാക്സിൻ ഡോസ് ലഭിച്ചത്.












Click it and Unblock the Notifications