വിഷുവും പെരുന്നാളും വരുന്നു; പെട്രോള്‍ വില കൂട്ടിയതിനെ ന്യായീകരിച്ച് കെടി ജലീല്‍, വാദം ഇങ്ങനെ...
മലപ്പുറം: പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കേരള സര്‍ക്കാര്‍ ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജീവിതത്തിന്റെ സകല മേഖലകളിലും പ്രതിസന്ധിയിലേക്ക് നയിക്കുന്ന കാര്യമാണിത് എന്നായിരുന്നു വിമര്‍ശനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിലക്കുറവുള്ള കാര്യമാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്. അതേസമയം, മാഹിയിലേക്ക് കൂടുതല്‍ പേര്‍ പെട്രോള്‍-ഡീസല്‍ ആവശ്യത്തിനായി പോകുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു.
ഇതിനിടെയാണ് ഇന്ധന സെസ് വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുന്‍ മന്ത്രി കെടി ജലീല്‍ എംഎല്‍എ രംഗത്തുവന്നിരിക്കുന്നത്. നിര്‍ധനരായ ആളുകള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ആണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. മാസം 1600 രൂപയാണ് പെന്‍ഷന്‍. 62 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഈ ആവശ്യത്തിലേക്ക് ഓരോ വര്‍ഷവും 12000 കോടി രൂപ വേണ്ടി വരുന്നുവെന്നും അതിനാണ് സെസ് ഈടാക്കുന്നത് എന്നുമാണ് കെടി ജലീല്‍ പറയുന്നത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്.

വൃദ്ധരായ ജനങ്ങള്‍ക്ക് പരാശ്രയമില്ലാതെ ജീവിക്കാന്‍ സഹായകമാകുന്നതാണ് സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍. യുഡിഎഫ് കാലത്ത് 600 രൂപയായിരുന്നുവെന്നും അന്ന് 34 ലക്ഷം പേര്‍ക്ക് മാത്രമേ നല്‍കിയിരുന്നുള്ളൂ എന്നും കെടി ജലീല്‍ പറയുന്നു. നാം കൊടുക്കുന്ന രണ്ടു രൂപ ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല, മറിച്ച് 62 ലക്ഷം പേര്‍ക്ക് പരസഹായമില്ലാതെ ജീവിക്കാന്‍ വേണ്ടിയാണെന്നും കെടി ജലീല്‍ ചൂണ്ടിക്കാട്ടി.
വിഷുവും പെരുന്നാളും വരുന്നതിനാല്‍ രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചാണ് കൊടുക്കുന്നത്. അതായത് 3200 രൂപ വീതം എല്ലാവര്‍ക്കും കിട്ടും. 62 ലക്ഷം പേരുടെ മുഖത്ത് വിരിയുന്ന ആത്മവിശ്വാസത്തിനും പുഞ്ചിരിക്കും പകരം വെക്കാന്‍ ലോകത്ത് വേറെയെന്തുണ്ട് എന്നും കെടി ജലീല്‍ ചോദിക്കുന്നു. അതേസമയം, ഏഴ് വര്‍ഷം കേരള ഖജനാവ് കൈകാര്യം ചെയ്തിട്ട് പെന്‍ഷന്‍ കൊടുക്കാന്‍ പോലും പറ്റാത്ത തരത്തിലേക്ക് കേരളത്തെ എത്തിച്ചു എന്ന് സമ്മതിച്ചല്ലോ എന്നാണ് ജലീലിന്റെ പോസ്റ്റിന് താഴെയുള്ള ഒരു കമന്റ്.
കെടി ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
62 ലക്ഷം പാവങ്ങള്‍ക്ക് 1600 രൂപ വെച്ച് മാസം പെന്‍ഷന്‍ കൊടുക്കാന്‍ ഉദ്ദേശം 1000 കോടി രൂപ വേണം. വര്‍ഷം ഏകദേശം 12000 കോടി. അതിലേക്കാണ് 2 രൂപ വെച്ച് ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ സെസ്സ് ഏര്‍പ്പെടുത്തിയത്. അതിനാണ് ചിലരിവിടെ ഹാലിളകിയത്. നമ്മുടെ മുത്തച്ഛന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്നതില്‍ ക്ഷേമ പെന്‍ഷന്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
ആരെയും ആശ്രയിക്കാതെ അവരുടെ ആരോഗ്യ കാലത്ത് മക്കളെയും കുടുംബത്തെയും പോറ്റിയതിന് സര്‍ക്കാര്‍ നല്‍കുന്ന സമ്മാനം. ഇത് കേവലം 600 രൂപയായിരുന്നു ഡഉഎ ഭരണ കാലത്ത്. അതും 34 ലക്ഷം പേര്‍ക്ക്. നാം കൊടുക്കുന്ന 2 രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല. മറിച്ച് 62 ലക്ഷം നിരാലംബരായ മനുഷ്യര്‍ക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്.
മനുഷ്യന് ക്ഷേമമുണ്ടായാലേ മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ക്ഷേമമുണ്ടാകൂ. ഇന്ത്യയിലെന്നല്ല ഒരുപക്ഷേ ലോകത്ത് തന്നെ ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമാണ് ജനസംഖ്യയില്‍ അഞ്ചില്‍ ഒന്നുപേര്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍. വിഷുവും ചെറിയ പെരുന്നാളും തൊട്ടടുത്ത് വരുന്നതിനാല്‍ രണ്ട് മാസത്തെ തുകയായ 3200 രൂപ ഒരുമിച്ചാണ് നല്‍കുന്നത്. 62 ലക്ഷം മനുഷ്യരുടെ മുഖത്ത് വിരിയുന്ന ആശ്വാസവും സന്തോഷവും ഇടകലര്‍ന്ന ചിരിക്ക് പകരം വെക്കാന്‍ ലോകത്ത് വേറെയെന്തുണ്ട്?രണ്ടാം പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍.












Click it and Unblock the Notifications