കേട്ടപാതി ഫേസ്ബുക്ക് പോസ്റ്റിട്ട മുനവ്വറലി തങ്ങള്‍ സ്വയം പരിഹാസ്യനായി; കെടി ജലീല്‍
മലപ്പുറം: കത്വ ഫണ്ട് കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ട് കുന്ദമംഗലം കോടതി തള്ളിയെന്ന് കെടി ജലീല്‍ എംഎല്‍എ. യൂത്ത് ലീഗ് നേതാക്കളായ സികെ സുബൈറിനും പികെ ഫിറോസിനും ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് തള്ളിയെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് കെടി ജലീല്‍ വിശദീകരിച്ചത്. പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി തീരുമാനിച്ചുവെന്ന് കെടി ജലീല്‍ പറയുന്നു.
പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കേണ്ടി വരും. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഓഫീസര്‍മാര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ യൂസഫ് പടനിലം പറഞ്ഞുവെന്നും പ്രതികളെ കുറ്റവിമുക്തരാക്കിയെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മുനവ്വറലി തങ്ങള്‍ പരിഹാസ്യനായി എന്നും ജലീല്‍ പറയുന്നു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
കത്വ ഫണ്ട്: പോലീസ് റിപ്പോർട്ട് കോടതി തള്ളി. പ്രതികൾക്ക് സമൻസയക്കാൻ ഉത്തരവായി.
മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെയുള്ള കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം CI യൂസുഫും SI അഷ്റഫും പരാതിക്കാരൻ യൂസുഫ് പടനിലം നൽകിയ തെളിവുകൾ ഗൗനിക്കാതെ പ്രതികൾക്ക് അനുകൂലമായി 15.05.2022 ന് നൽകിയ പോലീസ് റിപ്പോർട്ട് കുന്ദമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയും പ്രതികൾക്ക് സമൻസ് അയക്കാൻ തീരുമാനിക്കുകയും ചെയ്തു. 26.06.2022 ന് പരാതിക്കാരൻ നൽകിയ സ്വകാര്യ അന്യായത്തിൻമേലാണ് ഇന്നത്തെ കോടതി നിർദ്ദേശം. പോലീസ് റിപ്പോർട്ട് കോടതി സ്വീകരിച്ചിരുന്നുവെങ്കിൽ യൂസഫ് പടനിലത്തിൻ്റെ അന്യായം കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളുകയാണ് ചെയ്യേണ്ടിയിരുന്നത്.
കേസിലെ ഒന്നാം പ്രതി സി.കെ സുബൈറിനും രണ്ടാം പ്രതി പി.കെ ഫിറോസിനും സമൻസ് അയക്കാനും കോടതി ഉത്തരവിട്ടു. 09.02.2024 ന് പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യമെടുക്കണം. ഇതോടെ രാവിലെ മുതൽ ലീഗ് സൈബർ പോരാളികൾ നടത്തിവന്ന കള്ളപ്രചരണം പൊളിഞ്ഞ് പാളീസായി.
പോലീസ് ഉദ്യോഗസ്ഥരെ പലവിധത്തിൽ സ്വാധീനിച്ച് നേടിയ റിപ്പോർട്ടാണ് യൂത്ത്ലീഗ് മുൻ അഖിലേന്ത്യാ ഭാരവാഹി യൂസഫ് പടനിലം നൽകിയ പരാതിയെ തുടർന്ന് തള്ളപ്പെട്ടത്.
രണ്ട് പെൺകുട്ടികൾ കത്വയിലും ഉന്നോവയിലും നിഷ്ഠൂരമായി പിച്ചിച്ചീന്തപ്പെട്ട കിരാത സംഭവത്തിൻ്റെ പശ്ചാതലത്തിലാണ് യൂത്ത്ലീഗ് പള്ളികൾ കേന്ദ്രീകരിച്ച് ഒരു വെള്ളിയാഴ്ച ഇരകളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ വ്യാപകമായ പണപ്പിരിവ് നടത്തിയത്. ഗൾഫ് നാടുകളിലും എട്ടുംപൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങളുടെ കണ്ണീരിൻ്റെ കഥ പറഞ്ഞ് കണക്കറ്റ ധനശേഖരണം നടന്നതായി ആക്ഷേപമുയർന്നിരുന്നു.
പിരിച്ച പണത്തിൽ നിന്ന് വളരെ ചെറിയ ഒരു തുക ഇരകളുടെ കുടുംബത്തിനും കേസ് വാദിക്കാത്ത വക്കീലൻമാർക്കും നൽകി. പിരിഞ്ഞുകിട്ടിയ ഭീമമായ തുകയുടെ സിംഹഭാഗവും സ്വന്തം ആവശ്യത്തിനും യൂത്ത്ലീഗ് നടത്തിയ സംസ്ഥാന ജാഥയുടെ ചെലവിലേക്കും എടുത്തതായാണ് പരാതിയിൽ ആരോപിച്ചത്.
മുസ്ലിംലീഗിൻ്റെയും യൂത്ത്ലീഗിൻ്റെയും ഫണ്ട് മുക്കി നക്കുന്ന ഏർപ്പാടിന് ഈ കേസോടെ വിരാമമിടാനാണ് യൂത്ത്ലീഗ് നേതാവായിരുന്ന യൂസുഫ് പടനിലം സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇ.ഡിയിലും തൽസംബന്ധമായ പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് നേതാക്കളായ സുബൈറിനും ഫിറോസിനുമെതിരെ കേസ് നിലവിലുണ്ട്.
അത് ദുർബലമാക്കാനാണ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സി.ഐ യൂസഫിനെയും എസ്.ഐ അഷ്റഫിനെയും സ്വാധീനിച്ച് അനുകൂല റിപ്പോർട്ട് പ്രതികൾ തട്ടിക്കൂട്ടിയതെന്ന് ആക്ഷേപിക്കപ്പെടുന്നു. കേരള പോലീസിന് കളങ്കമുണ്ടാക്കിയ ഇരുവർക്കുമെതിരെ DGP ക്ക് പരാതി നൽകുമെന്ന് യൂസഫ് പടനിലം പറഞ്ഞു.
കേട്ടപാതി കേൾക്കാത്തപാതി, പ്രതികളെ കുറ്റവിമുക്തരാക്കി എന്ന മട്ടിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുനവ്വറലി തങ്ങൾ സ്വയം പരിഹാസ്യനായി. പരാതിക്കാരൻ യൂസഫ് പടനിലത്തിനുവേണ്ടി അഡ്വ: എം നാരായണൻ കുന്ദമംഗലമാണ് ഹാജരായത്. (Case No: CC-388/2023) മൊബൈൽ: 9846430201












Click it and Unblock the Notifications