പൊന്നാനി ലീഗിന്റെ വിള്ളലില്ലാത്ത കോട്ട, അക്കാര്യം സംഭവിച്ചാല്‍ ഹംസയ്ക്ക് വിജയിക്കാം
മലപ്പുറം: മുസ്ലീം ലീഗിന് മലപ്പുറത്ത് ഒരു കോട്ടയുണ്ടെങ്കില്‍ അത് പൊന്നാനിയാണ്. പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്ന കാര്യമാണിത്. കഴിഞ്ഞ 47 വര്‍ഷമായി ലീഗിനെ മാത്രം തിരഞ്ഞെടുക്കുന്ന മണ്ഡലമാണിത്. ഇത്തവണ ഇടി മുഹമ്മദ് ബഷീറിന് പകരം അബ്ദുസമദ് സമദാനിയെയാണ് ലീഗ് ഇവിടെ ഇറക്കിയത്. മുന്‍ ലീഗ് നേതാവ് കെഎസ് ഹംസയെ തന്നെ രംഗത്തിറക്കിയാല്‍ ഇടതുപക്ഷത്തിന്റെ ഇത്തവണത്തെ പോരാട്ടം.
സിപിഎം ചിഹ്നത്തില്‍ തന്നെ അദ്ദേഹം മത്സരിക്കുകയും ചെയ്യും. അതേസമയം പൊന്നാപുരം കോട്ടയാണെങ്കിലും ഇത്തവണ ആശങ്കകള്‍ ലീഗിനുണ്ട്. ഇടതുപക്ഷമാണെങ്കില്‍ ചില കണക്കുകൂട്ടലുകളോടെയാണ് ഹംസയെ സ്ഥാനാര്‍ത്ഥിയാക്കിയത്. സമസ്തയുടെ പിന്തുണയാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. സര്‍ക്കാരുമായുള്ള നല്ല ബന്ധവും, സമസ്തയ്ക്കുള്ളിലെ ലീഗ് വിരുദ്ധതയുമെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്.

അതുകൊണ്ടാണ് മുന്‍ ലീഗ് നേതാവിനെ തന്നെ ഇടതുപക്ഷം പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സാമുദായിക സംഘടനയാണ് സമസ്ത. മുസ്ലീം ലീഗിന്റെ പരമ്പരാഗത വോട്ടുബാങ്ക് കൂടിയാണിത്. ലീഗിന്റെ വമ്പന്‍ വിജയങ്ങള്‍ക്ക് പിന്നില്‍ എപ്പോഴും സമസ്തയെന്ന വലിയൊരു ശക്തിയുടെ സാന്നിധ്യമുണ്ടാവാറുണ്ടായിരുന്നു.
പൊതുസ്വതന്ത്രന്‍ എന്ന സ്ഥിരം രീതി മാറ്റിയാണ് സിപിഎം ഹംസയെ പരീക്ഷിച്ചിരിക്കുന്നത്. ലീഗിലെ അസംതൃപ്തരെയാണ് ഇതിലൂടെ ഇടതുപക്ഷം ലക്ഷ്യമിടുന്നത്. പൗരത്വ നിയമം, ഏകീകൃത സിവില്‍ കോഡ് അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനൊപ്പമായിരുന്നു സമസ്ത. കെഎസ് ഹംസ സമസ്തയുടെ സ്ഥാനാര്‍ത്ഥിയാണെന്ന സംസാരം പോലും മണ്ഡലത്തിലുണ്ട്.
അത് മാത്രമല്ല നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്ന ഭൂരിപക്ഷവും മുന്നണിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ ഇതുകൊണ്ടൊന്നും പൊന്നാനിയില്‍ ലീഗിന് ആത്മവിശ്വാസ കുറവില്ല. ഇവിടെ വന്‍ മാര്‍ജിനില്‍ തന്നെ വിജയിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. സര്‍വസമ്മതനായ നേതാവാണ് സമദാനി എന്നതും ലീഗിന് പ്രതീക്ഷ പകരുന്നു.
ലീഗിനെതിരെയുള്ള എല്ലാ എതിര്‍പ്പുകളും സമദാനിയുടെ വ്യക്തിപ്രഭാവം കൊണ്ട് മറികടക്കാനാവുമെന്നും ലീഗ് കരുതുന്നുണ്ട്. തിരൂരങ്ങാട്, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. 1977 മുതല്‍ മണ്ഡലം ലീഗിന് സ്വന്തമാണ്. അതിന് മുമ്പ് സിപിഐ, സിപിഎമ്മുമെല്ലാം വിജയിച്ച മണ്ഡലമാണിത്.
1977 മുതല്‍ ജിഎം ബനാത്‌വാല തുടര്‍ച്ചയായി നാല് തവണ ഇവിടെ നിന്ന് വിജയിച്ചിരുന്നു. 1996 മുതല്‍ 2004 വരെ വീണ്ടും ഈ മണ്ഡലത്തില്‍ ബനാത്‌വാല തന്നെ വിജയിച്ചിരുന്നു. പിന്നീട് ഇ അഹമ്മദും, കഴിഞ്ഞ മൂന്ന് തവണയായി ഇടി മുഹമ്മദ് ബഷീറാണ് ഇവിടെ നിന്ന് വിജയിച്ച് വരുന്നത്.
1,93273 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ഇടിക്ക് ലഭിച്ചത്. പിവി അന്‍വറിനെയായിരുന്നു പരാജയപ്പെടുത്തിയത്. 2014ല്‍ ഉണ്ടായിരുന്ന 25410 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നായിരുന്നു ഈ കുതിപ്പ്. 2009ല്‍ 82684 വോട്ടിന്റെ ഭൂരിപക്ഷവും പൊന്നാനിയില്‍ ഇടി നേടിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിക്ക് കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ തൃത്താല, തവനൂര്‍, താനൂര്‍, പൊന്നാനി എന്നിങ്ങനെ നാല് മണ്ഡലങ്ങളും എല്‍ഡിഎഫ് വിജയിച്ചിരുന്നു. യുഡിഎഫിന് മേല്‍ക്കൈ കോട്ടയ്ക്കല്‍, തിരൂരങ്ങാട്, തിരൂര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു. പക്ഷേ ഇടതുപക്ഷം വിജയിച്ച മണ്ഡലങ്ങളേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലീഗിന്റെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് നേടിയിരുന്നു.
2004ല്‍ ഇടതുതരംഗം തന്നെ കേരളത്തില്‍ അലയടിച്ചപ്പോഴും ലീഗിനൊപ്പം അടിയുറച്ച് നിന്നിരുന്നു പൊന്നാനി. കേരളപ്പിറവിക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകളുകളില്‍ ഇമ്പിച്ചി ബാവ, സികെ ചക്രപാണി, എംകെ കൃഷ്ണന്‍ പോലുള്ളവര്‍ പൊന്നാനിയുടെ ഇടത് എംപിമാരായിരുന്നു. 2011ലെ സെന്‍സസ് പ്രകാരം പൊന്നാനിയിലെ ജനസംഖ്യയില്‍ 62.4 ശതമാനവും മുസ്ലീം വിഭാഗമാണ്. 37 ശതമാനമാണ് ഹിന്ദു വിഭാഗം. 0.6 ശതമാനം ക്രിസ്ത്യന്‍ വിഭാഗക്കാരാണ്.












Click it and Unblock the Notifications