ഇങ്ങനെ അടിക്കാമോ പോലീസുകാരാ... മലപ്പുറത്ത് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു; ഒത്തുതീര്‍പ്പിന് നീക്കം
മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. കിഴിശേരിയിലാണ് സംഭവം. കുഴിമണ്ണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. പോലീസുകാരനാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചു. മഫ്തിയിലെത്തിയ രണ്ടു പേരില്‍ ഒരാളാണ് തന്നെ നിരന്തരം മര്‍ദ്ദിച്ചതെന്നും ചുവന്ന ഷര്‍ട്ടിട്ട വ്യക്തിയോട് എന്നെ വിടണമെന്ന് അപേക്ഷിച്ചിട്ടും നിര്‍ത്താതെ മര്‍ദ്ദിച്ചുവെന്നും വിദ്യാര്‍ഥി പറയുന്നു. പോലീസുകാരനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്നാണ് വിവരം. കുട്ടിയുടെ ബന്ധുക്കളുമായി പോലീസുകാര്‍ സംസാരിച്ചു.

ആട്‌സ് ഡേ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മര്‍ദ്ദനമേറ്റതെന്ന് കുട്ടി പറഞ്ഞു. ഈ സമയം അവിടെ സംഘര്‍ഷമുണ്ടായിരുന്നു. ബസ് സ്റ്റോപ്പിന് അടുത്ത് നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ഈ വേളയിലാണ് രണ്ടു പേര്‍ വന്നതും മര്‍ദ്ദിച്ചതും. ചുവന്ന ഷര്‍ട്ടിട്ട വ്യക്തി തന്നെ പിടിച്ചുവലിച്ചു. നഖം തട്ടി മുറിവായി. പിന്നെ മുഖത്തടിച്ചു. എന്നെ വിടണമെന്നും എനിക്ക് സംഘര്‍ഷത്തില്‍ ബന്ധമില്ലെന്നും പറഞ്ഞെങ്കിലും അയാള്‍ കേട്ടില്ല. മുഖം പിടിച്ച് ചുമരില്‍ ചേര്‍ത്ത് തല്ലി. മുട്ടുകാല്‍ കൊണ്ട് നാഭിക്ക് ചവിട്ടിയെന്നും വിദ്യാര്‍ഥി വിശദീകരിക്കുന്നു.
സംഭവ ദിവസം കുഴിമണ്ണ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് എത്തിയത്. എന്നാല്‍ സംഘര്‍ഷവുമായി ബന്ധമില്ലാത്ത വിദ്യാര്‍ഥിയെ പിടിച്ച് മര്‍ദ്ദിക്കുകയാണ് പോലീസ് ചെയ്തതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഈ കുട്ടിക്ക് നേരത്തെ ഹൃദയ ശസ്ത്രക്രിയ നടന്നിരുന്നുവത്രെ. എടവണ്ണ സ്‌റ്റേഷനിലെ പോലീസുകാരനാണ് മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
എടവണ്ണ പോലീസ് സ്‌റ്റേഷനില്‍ നിന്ന് തമിഴ്‌നാട്ടിലുള്ള തന്റെ അനിയനെ ഫോണില്‍ വിളിച്ചു. ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധപ്പെട്ടത്. ആളു മാറി തല്ലിയതാണ് എന്നാണ് അവര്‍ പറയുന്നത്. ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ. 17 വയസുള്ള കുട്ടിയെ ഈ രീതിയില്‍ തല്ലാമോ. ഭാവിയില്‍ ജീവിക്കണ്ടേ. ഖാദര്‍ എന്ന വ്യക്തി പോലീസുകാരനാണ് എന്ന് ഞങ്ങള്‍ക്ക് മനസിലായിട്ടുണ്ട്- കുട്ടിയുടെ പിതാവ് പറയുന്നു. കൊണ്ടോട്ടി പോലീസ് കേസെടുത്തെങ്കിലും മൊഴി എടുക്കാന്‍ വൈകിയെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications