റബർ തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം; ആ സ്ത്രീ ആര് ? 17 വർഷങ്ങൾ! വീണ്ടും അന്വേഷണമോ ?
മലപ്പുറം : 2004 ഡിസംബർ 28 - ന് ഒരു സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിനോട് ചേർന്നുള്ള മാലാപറമ്പ് വളവിലായിരുന്നു സംഭവം. രാവിലെ ടാപ്പിങ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സാരിയൊഴികെയുള്ള വസ്‌ത്രങ്ങൾ മൃതദേഹത്തിൽ ഉണ്ടായിരുന്നു.
ഇലക്ട്രിക് വയർ പോലുള്ള വസ്‌തുകൊണ്ട് കഴുത്ത് മുറുക്കി കൊല നടത്തിയെന്നാണ് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ഇതിന്റെ അന്വേഷണം എങ്ങും എത്തിയില്ല. ആരായിരുന്നു ആ സ്ത്രീ ? അവരെ കൊന്നത് ആരാണ് എന്തിനുവേണ്ടി.... ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാകുന്നു. 17 വർഷം കഴിഞ്ഞിട്ടും ഉത്തരം കിട്ടാതെ നിൽക്കുകയാണ് മാലാപറമ്പുകാരുടെ മനസ്സിൽ ഈ ചോദ്യം.

സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ ഒന്നര കിലോമീറ്റർ അകലെയുള്ള പരിയാപുരത്തു നിന്ന് മരിച്ച യുവതിയുടെ ശരീര ഭാഗത്തുള്ള വസ്‌ത്രങ്ങളുടെ നിറമുള്ള സാരിയും മറ്റും പൊലീസിന് ലഭിച്ചു. ഇത് മരിച്ച സ്‌ത്രീയുടേത് ആകാനുള്ള സാധ്യതയും പൊലീസ് സ്ഥിരീകരിച്ചു.
സമീപത്തെ പലരെയും ചോദ്യം ചെയ്‌തു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഉടൻ അറസ്‌റ്റ് നടക്കുമെന്നും വരെ പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. എന്നാൽ അടുത്ത ദിവസങ്ങളിൽ സംശയ നിഴലിലുണ്ടായിരുന്നവർക്കെല്ലാം പൊലീസ് ക്ലീൻ ചിറ്റ് നൽകി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസിന് തുമ്പില്ലെന്നും പറഞ്ഞ് കൈമലർത്തി.
കേസ് അന്വേഷണം അവസാനിപ്പിച്ച് 2009 ൽ പൊലീസ് കോടതിയിൽ റിപ്പോർട്ടു നൽകി. പലരെയും രക്ഷിക്കാനായിരുന്നു പൊലീസിന്റെ ഈ ഒളിച്ചു കളിയെന്ന അടക്കം പറച്ചിൽ ഇപ്പോഴും നാട്ടിലുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ 5 മാസത്തോളം സൂക്ഷിച്ച ശേഷം മൃതദേഹം പിന്നീട് സംസ്കരിച്ചു. കേസിൽ സത്യം തെളിയുമെന്ന പ്രതീക്ഷ നൽകി ഹൈക്കോടതി ഇപ്പോൾ പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 3 മാസത്തിനകം അന്വേഷണം നടത്തണമെന്നാണ് നിർദേശം.












Click it and Unblock the Notifications