സിപിഎം ഇത്തവണ വിയര്‍ക്കും; താനൂര്‍ തിരിച്ചുപിടിക്കാന്‍ പികെ ഫിറോസ്; അബ്ദുറഹ്മാന്‍ രണ്ടത്താണി എവിടെ?
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ ഇത്തവണ തുടക്കം മുതല്‍ ചര്‍ച്ച ചെയ്ത പേരാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റേത്. പ്രാദേശികമായി ചില പേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഫിറോസ് ചര്‍ച്ചയിലേക്ക് വന്നതോടെ എല്ലാം കേന്ദ്രീകരിക്കപ്പെട്ടു. വി അബ്ദുറഹ്മാന്‍ എംഎല്‍എ തന്നെ ഇത്തവണ ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങുന്ന സാഹചര്യത്തില്‍ തിളങ്ങി നില്‍ക്കുന്ന മുഖം വേണമെന്ന് മുസ്ലിം ലീഗിന് നിര്‍ബന്ധമുണ്ടായിരുന്നു.
ബാഫഖി തങ്ങളെയും സിഎച്ച് മുഹമ്മദ് കോയയെയും സീതി സാഹിബിനെയുമെല്ലാം ജയിപ്പിച്ചുവിട്ട മണ്ഡലത്തില്‍ ഇത്തവണ പച്ചക്കൊടി പാറിക്കുമെന്ന വാശിയിലാണ് മുസ്ലിം ലീഗ്. ചില അശുഭ ലക്ഷങ്ങള്‍ സിപിഎം കേന്ദ്രങ്ങള്‍ കാണുന്നുമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

പ്രാദേശിക വാദം തലവേദന
താനൂരില്‍ നിന്നുള്ള നേതാക്കള്‍ തന്നെ ഇത്തവണ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകണം എന്ന് മുസ്ലിം ലീഗില്‍ ആവശ്യം ഉയര്‍ന്നിരുന്നു. രണ്ടു പ്രാദേശിക നേതാക്കളുടെ പേരുകളാണ് ഇത്തരത്തില്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍ പികെ ഫിറോസിന്റെ പേര് നിര്‍ദേശിക്കപ്പെട്ടതോടെ മറ്റെല്ലാം മാറ്റി നിര്‍ത്തപ്പെട്ടു.

അമിത പ്രതീക്ഷയില്‍ ലീഗ്
അബ്ദുറഹ്മാന്‍ രണ്ടത്താണി മൂന്നാമൂഴത്തിന് ശ്രമിച്ച വേളയിലാണ് 2016ല്‍ അടിപതറിയത്. മല്‍സരിച്ച 24ല്‍ 18 മണ്ഡലങ്ങളില്‍ ജയിച്ച മുസ്ലിം ലീഗിന് അന്ന് കനത്ത തിരിച്ചടിയായിരുന്നു താനൂരിലെ പതനം. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ മുസ്ലിം ലീഗ് അമിത പ്രതീക്ഷയിലാണ്.

രണ്ടത്താണി എവിടെ?
അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മുസ്ലിം ലീഗ് ഇത്തവണ സ്ഥാനാര്‍ഥിയാക്കിയിട്ടില്ല. താനൂരില്‍ അദ്ദേഹം വീണ്ടുമെത്തുമെന്ന് ചില വാര്‍ത്തകളുണ്ടായിരുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ജില്ലാ സന്ദര്‍ശനം നടത്തിയ നേതാക്കളുടെ സംഘത്തില്‍ രണ്ടത്താണിയുമുണ്ടായിരുന്നു.

അ്ബ്ദുറഹ്മാന്‍ വീണ്ടും കളത്തില്‍
വി അബ്ദുറഹ്മാനെ തന്നെയാണ് ഇടതുപക്ഷം താനൂരില്‍ മല്‍സരിപ്പിക്കുന്നത്. ഇടത് സ്വതന്ത്രനായി അദ്ദേഹം ഇത്തവണയും എത്തുന്നതിന് മുമ്പ് ചില സംശയങ്ങളുണ്ടായിരുന്നു. ഇനി മല്‍സരിക്കാനില്ല എന്നാണ് അബ്ദുറഹ്മാന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നത്.

വികസനം ഉയര്‍ത്തി സിപിഎം
മല്‍സരിക്കാനില്ല എന്ന അബ്ദുറഹ്മാന്റെ നിലപാട് സിപിഎം അംഗീകരിച്ചില്ല. മണ്ഡലത്തിലെ സിപിഎം സംഘടനാ ഘടകങ്ങളെല്ലാം അബ്ദുറഹ്മാന്‍ മല്‍സരിച്ചാല്‍ ജയം ഉറപ്പാണ് എന്ന നിലപാട് സ്വീകരിച്ചതോടെയാണ് അദ്ദേഹം വീണ്ടുമെത്തിയത്. മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രചാരണം.

ഇടതുപക്ഷത്തിന് ആശങ്ക ഇതാണ്
തദ്ദേശ തിരഞ്ഞെടുപ്പ് ഫലമാണ് ഇടതുപക്ഷത്തിന് ആശങ്ക നല്‍കുന്നത്. മണ്ഡലത്തിലെ ആറില്‍ അഞ്ചിലും ജയിച്ചത് യുഡിഎഫാണ്. ഇടതുപക്ഷത്തിനൊപ്പം നിന്നത് താനാളൂര്‍ പഞ്ചായത്ത് മാത്രം. നേരത്തെ കൈവശമുണ്ടായിരുന്ന നിറമരുതൂരും ഒഴൂരുമെല്ലാം നഷ്ടമായി. താനാളൂരില്‍ കിട്ടിയത് നേരിയ ഭൂരിപക്ഷവും. യുഡിഎഫില്‍ ഇത്തവണ ഐക്യം ശക്തമാണ് എന്നതും സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്നു.

തിരൂരില്‍ ഷംസുദ്ദീന്‍ അല്ല
തിരൂരില്‍ എന്‍ ഷംസുദ്ദീന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു വാര്‍ത്തകള്‍. ഷംസുദ്ദീന്റെ നാടാണ് തിരൂര്‍. പക്ഷേ, അദ്ദേഹത്തെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ തന്നെ മുസ്ലിം ലീഗ് മല്‍സരിപ്പിക്കുകയാണ്. പ്രാദേശിക നേതാവ് കുറുക്കോളി മൊയ്തീന്‍ ആണ് തിരൂരിലെ ലീഗ് സ്ഥാനാര്‍ഥി. ഇടതുപക്ഷത്തിന് വേണ്ടി ഇത്തവണയും ഗഫൂര്‍ പി ലില്ലീസ് കളത്തിലിറങ്ങിക്കഴിഞ്ഞു.


Click it and Unblock the Notifications