പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പോലെ തിരിച്ചെത്തും; ആരെയും കുറ്റപ്പെടുത്താനില്ലെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമായിരുന്നു. ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റു. ഇനി വരുന്നത് നിമയസഭാ തിരഞ്ഞെടുപ്പാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പോലെ ശക്തമായ മുന്നേറ്റം നടത്തുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആരെയും കുറ്റപ്പെടുത്താനില്ല. എല്ലാ വിഷയങ്ങളും യുഡിഎഫ് ചര്‍ച്ച ചെയ്യും. ശക്തമായ തിരിച്ചുവരവിന് വേണ്ട നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത തിരഞ്ഞെടുപ്പ് നിയമസഭയിലേക്കാണ്. അവിടെ ജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. അതിനുള്ള വഴികള്‍ മുസ്ലിം ലീഗ് മുന്നോട്ട് വെക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ലീഗ് മധ്യസ്ഥത വഹിക്കാനും തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി യുഡിഎഫ് യോഗത്തില്‍ പറയുമെന്നാണ് വിവരം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് സീറ്റുകള്‍ നഷ്ടപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് വേളയില്‍ അനാവശ്യ വിവാദങ്ങളില്‍ പ്രതികരിച്ചത് മുന്നണിക്ക് തിരിച്ചടിയായി എന്നാണ് ലീഗിന്റെ അഭിപ്രായം. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും രംഗത്തുവന്നത്.
കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധിയാണുള്ളത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നേതൃ മാറ്റം വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കെ സുധാകരനെയും കെ മുരളീധരനെയും കെപിസിസി അധ്യക്ഷനാക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവയ്ക്കണമെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ആസ്ഥാനത്ത് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.












Click it and Unblock the Notifications