താനൂര്‍ ബോട്ട് ദുരന്തം: തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ്
കൊച്ചി: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പോര്‍ട്ട് ഓഫീസ് ജീവനക്കാരായ ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തത്. അപകടത്തില്‍പ്പെട്ട ബോട്ടിന് സര്‍വീസ് നടത്താന്‍ സഹായം ചെയ്തു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
22 പേരാണ് താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചത്. ദുരന്തത്തില്‍ ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെന്ന ആരോപണം ശക്തമായിരുന്നു. പൊലീസ് അന്വേഷണത്തില്‍ നിന്നും അക്കാര്യം വ്യക്തമാകുകയാണ്. അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകള്‍ ബേപ്പൂര്‍, ആലപ്പുഴ തുറമുഖ ഓഫീസുകളില്‍ നിന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെ കുറിച്ച് മനസിലായത്.

മത്സ്യബന്ധന ബോട്ടാണ് ഉല്ലാസ ബോട്ടാക്കി മാറ്റുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നിട്ടും മറച്ചു വെച്ചു. അനധികൃത യാര്‍ഡില്‍ ബോട്ട് രൂപമാറ്റം വരുത്തുന്നത് അറിഞ്ഞിട്ടും നടപടിയെടുത്തില്ല . ഫിറ്റ്നസ് പരിശോധനകളിലും ബോട്ട് ഉടമക്ക് വഴിവിട്ട സഹായം ലഭിച്ചു തുടങ്ങിയ കണ്ടെത്തലുകളാണ് രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് നയിച്ചത്. തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തുകയായിരുന്നു.
അതേസമയം, ബോട്ടപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഉടമ നാസറിനെ പൊലീസ് പിടികൂടിയിരുന്നു. നാസറിന് എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. താനൂര്‍ ഓട്ടുമ്പ്രം തൂവല്‍തീരത്ത് രാത്രി ഏഴ് മണിക്ക് ശേഷമാണ് ബോട്ട് അപകടത്തില്‍പ്പെടുന്നത്. രാത്രിയായതിനാലും എത്തിപ്പെടാന്‍ സാധിക്കാത്തതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.
സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് അപകടത്തില്‍ മരിച്ചത്. അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം. വൈകീട്ട് 5.30 വരെയാണ് വിനോദയാത്രാ ബോട്ടുകള്‍ക്ക് സര്‍വീസ് അനുവദിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് എന്ന ബോട്ട് 6.30 ന് ശേഷമാണ് സര്‍വീസ് ആരംഭിച്ചത്. മാത്രമല്ല അപകടമുണ്ടാക്കിയ ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റം വരുത്തിയതാണ് എന്ന ആരോപണവും ആ സമയത്ത് ഉയര്‍ന്നിരുന്നു.
അതേസമയം, ദുരന്തമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരത്തോട് ചേര്‍ന്ന ബോട്ട് ജെട്ടി അജ്ഞാതര്‍ കത്തിച്ചു. ബോട്ടിലേക്ക് കയറുന്നതിന് ഒരുക്കിയിരുന്ന ജെട്ടിയിലെ നടപ്പാലമാണ് കത്തിച്ചത്. ഇതിലൂടെ കയറിയാണ് യാത്രക്കാര്‍ ബോട്ടിലേക്ക് എത്താറ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടുകാരുടെ പ്രതിഷേധമാണെന്നാണ് സൂചന.












Click it and Unblock the Notifications