താനൂര്‍ ബോട്ട് ദുരന്തം; മരണ സംഖ്യ ഉയരുന്നു... തലകീഴായി മറിഞ്ഞ ബോട്ടില്‍ 40ഓളം പേര്‍
താനൂര്‍: ഒട്ടുംപുറം തൂവല്‍തീരത്തുണ്ടായ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. 21 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ദുരന്തത്തിനിടയാക്കിയ ബോട്ട് നാട്ടുകാര്‍ കരയിലേക്ക് അടുപ്പിച്ചു. ഉന്നത പോലീസ് ഓഫീസര്‍മാര്‍, അഗ്നി ശമന സേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി. സംഭവം നടന്നതു മുതല്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ സംഭവ സ്ഥലത്തേക്ക് വരുന്നുണ്ട്. വി അബ്ദുറഹ്മാന്റെ നിയോജക മണ്ഡലം കൂടിയാണ് താനൂര്‍. അടുത്തിടെയാണ് തൂവല്‍ത്തീരത്ത് ബോട്ട് സര്‍വീസ് ആരംഭിച്ചത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ചികില്‍സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. മരണ സംഖ്യ ഉയരുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

താനൂര്‍-പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റികളുടെ അതിര്‍ത്തി പ്രദേശമാണ് ഒട്ടുപുറം. പൂരപ്പുഴയും കടലും ചേരുന്ന ഭാഗമാണിത്. താനൂര്‍ ഭാഗത്താണ് ഒട്ടുംപുറം തൂവല്‍തീരം ബീച്ച്. ഇവിടെ അടുത്തിടെ ടൂറിസം വകുപ്പ് പുതിയ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. അതുകൊണ്ടുതന്നെ വലിയ തോതില്‍ ആളുകള്‍ ഇവിടെക്ക് ആകര്‍ഷിക്കുന്നുണ്ട്. ഞായറാഴ്ചയായതിനാല്‍ കൂടുതല്‍ പേര്‍ ബീച്ചിലെത്തിയിരുന്നു.
കെട്ടുങ്ങല്‍ ബീച്ചാണ് മറുഭാഗത്തുള്ള പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയുടെ ഭാഗം. ബീച്ചിലെത്തുന്നവരെ ആകര്‍ഷിക്കാന്‍ ബോട്ട് സര്‍വീസുണ്ട്. ഇതിന് സമയപരിധി നിശ്ചയിച്ചിരുന്നു. വൈകീട്ട് ആറ് വരെയാണ് സമയ പരിധി എന്നാണ് വിവരം. അതേസമയം, ദുരന്തം അതിന് ശേഷമാണുണ്ടായത്. ആളുകള്‍ കൂടുതലുണ്ടായതിനാല്‍ രാത്രി സര്‍വീസ് നടത്തി എന്നാണ് വിവരം.
അറ്റ്‌ലാന്റിക് എന്ന ബോട്ടാണ് തലകീഴായി മറിഞ്ഞത്. മുകള്‍ ഭാഗത്ത് കയറിയ ചിലര്‍ ഒരു വശത്തേക്ക് ഒരുമിച്ച് നിന്നതോടെയാണ് ബോട്ട് മറിഞ്ഞതെന്ന് ബോട്ടിലുണ്ടായിരുന്ന വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നത്. 40 ടിക്കറ്റുകള്‍ വിറ്റിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ അത്രയും പേര്‍ക്ക് കയറാന്‍ അനുമതിയുണ്ടായിരുന്നില്ല.
ദുരന്തമുണ്ടായ ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. പിന്നീടാണ് പോലീസും അഗ്നിശമന സേനയുമെത്തിയത്. വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെട്ടതോടെ അല്‍പ്പം വൈകിയാണെങ്കിലും സജീകരണങ്ങള്‍ ഒരുക്കി. അപ്പോഴേക്കും നാട്ടുകാര്‍ വടംകെട്ടി ബോട്ട് കരയിലേക്ക് അടുപ്പിച്ചിരുന്നു. ഈ വേളയില്‍ ബോട്ടില്‍ മൃതദേഹം കണ്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പ്രതികരിച്ചത്.












Click it and Unblock the Notifications