മലപ്പുറം കാളികാവില്‍ രണ്ടു വയസ്സുകാരിയെ പിതാവ് മർദിച്ചു കൊന്നതായി പരാതി: അന്വേഷണം ആരംഭിച്ചു
മലപ്പുറം: നിലമ്പൂർ കാളികാവില്‍ രണ്ട് വയസ്സുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. കാളികാവ് ഉദരംപൊയിലില്‍ ഫാത്തിമ നസ്റിന്‍ എന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തിലാണ് പിതാവിനെ സംശയിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. ഉദരംപൊയിൽ സ്കൂളിന് സമീപം താമസിക്കുന്ന കോന്തൊത്തൊടിക മുഹമ്മദ് ഫായിസിനെതിരെയാണ് ആരോപണം.
മുഹമ്മദ് ഫായീസിനെതിരെ കുഞ്ഞിന്റെ മാതാവും ബന്ധുക്കളും പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞ് കുഞ്ഞിനെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയെന്നാണ് ഡോക്ടർമാരോട് പറഞ്ഞിരുന്നത്. കുട്ടിയെ ആദ്യം കാളികാവ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണത്തിന് പിന്നാലെ തന്നെ പിതാവിനെതിരെ ആരോപണവുമായി മാതാവ് ഉള്‍പ്പെടേയുള്ളവർ രംഗത്ത് വരികയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.കുട്ടിയ കൊലപ്പെടുത്തുന്നതു കണ്ടതായി ഇവർ വെളിപ്പെടുത്തുന്നു. കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.
മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫാത്തിമ നസ്റിന് മൂന്ന് മാസം പ്രായമായ ഒരു സഹോദരിയുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് അറിയിക്കുന്നത്.












Click it and Unblock the Notifications