അന്വേഷിച്ച് നടന്നത് വെറുതെയായി; കാളികാവിലെ 'പാവം വിദ്യാര്‍ത്ഥിനി' വെറും സാങ്കല്‍പ്പികം
മലപ്പുറം: മലപ്പുറം കാളികാവില്‍ പാവം വിദ്യാര്‍ത്ഥിനിയെന്ന പേരില്‍ ചര്‍ച്ചയായ പെണ്‍കുട്ടി സാങ്കല്‍പ്പിക കഥാപാത്രമെന്ന് റിപ്പോര്‍ട്ട്. സ്‌കൂള്‍ അടച്ചതിന് പിന്നാലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷങ്ങള്‍ക്കിടെയാണ് കാളികാവിലെ ഒരു പാവം വിദ്യാര്‍ത്ഥിനിയുണ്ടെന്ന തരത്തില്‍ ചര്‍ച്ച ഉയര്‍ന്നത്. ക്ലാസ് അവസാനിച്ച വിദ്യാര്‍ത്ഥികള്‍ പരസ്പരം യൂണിഫോമില്‍ ചായം തേക്കുന്നത് തടഞ്ഞ വിദ്യാര്‍ത്ഥിനി, തന്റെ അനിയത്തിക്ക് കൂടി അടുത്ത അധ്യയന വര്‍ഷത്തില്‍ ഉപയോഗിക്കേണ്ട യൂണിഫോമാണിതെന്ന് പറഞ്ഞ് കരഞ്ഞപേക്ഷിച്ചെന്നാണ് പ്രചരിച്ച വാര്‍ത്ത.
വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ഇത്രയും കരുതലുള്ള വിദ്യാര്‍ത്ഥിനിയെയും അനിയത്തിയെയും സഹായിക്കാന്‍ ഒട്ടേറെ പേര്‍ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കമന്റുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ സ്‌കൂളിലും നാട്ടിലുമായി കുട്ടി ആരാണെന്ന് കണ്ട് പിടിക്കാനുള്ള അന്വേഷണം നടന്നു.

നാട്ടിലെ പൊലീസ് സ്റ്റേഷനിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു. എന്നാല്‍ ഇതുവരെയായിട്ടും ആ പെണ്‍കുട്ടി ആരാണെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. യൂണിഫോമില്‍ നിന്ന് ചായം തേക്കുന്ന സഹപാഠികളില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ കാളികാവ് പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ രക്ഷിച്ച പൊലീസുകാരനില്ല.
പ്രചരിക്കുന്ന കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്ന അനുമാനത്തിലാണ് സ്‌കൂള്‍ അധികൃതരും പൊലീസും. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങല്‍ നടത്തുന്ന ഒരു പി ടി എ ആണ് സ്‌കൂളിനുള്ളത്. ഈ സംഭവം ഇവരെ സംബന്ധിച്ച് വേദനയുണ്ടാക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷന്ിലേക്ക് ആ കുട്ടിക്ക് വേണ്ട സഹായ വാഗ്ദാനങ്ങളുമായി ഒട്ടേറെ ഫോണ്‍ കോളുകള്‍ എത്തുന്നുണ്ട്.
എന്നാല്‍ ഇത് വ്യാജമാണെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പൊലീസ്. അതേസമയം, സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വ്യത്യസ്ത യൂണിഫോമാണുള്ളത്. അതുകൊണ്ട് തന്നെ ഹൈസ്‌കൂളില്‍ പഠിക്കുന്ന അനിയത്തിയാണെങ്കില്‍ പോലും പ്ലസ് വണ്ണിന് ചേരുമ്പോല്‍ ചേച്ചിയുടെ യൂണിഫോം ധരിക്കാനാവില്ലെന്നതാണ് മറ്റൊരു വസ്തുത .
കൂടാതെ ഇതേ സ്‌കൂളില്‍ തന്നെ അനിയത്തിക്ക് പ്ലസ് വണ്ണിന് അഡ്്മിഷന്‍ ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. സാങ്കല്‍പ്പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചവര്‍ വസ്തുത ഒട്ടും പരിശോധിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ ആക്ഷേപം. ഈ കുട്ടിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി പേര്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.












Click it and Unblock the Notifications