മോദിക്കെതിരെ കത്ത്; പ്രിന്‍സിപ്പാള്‍ വിവാദത്തില്‍
മുംബൈ: ഗുജറാത്ത് മോഡലിനെ തള്ളിപ്പറഞ്ഞ്, വിദ്യാര്‍ഥികളോട് വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ച കോളേജ് പ്രിന്‍സിപ്പാള്‍ വിവാദത്തില്‍. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പാളായ ഫാദര്‍ മസ്‌ക്രിനാസാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോളേജുകളിലൊന്നാണ് മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ്.
ഏപ്രില്‍ 24 വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് തന്റെ വിദ്യാര്‍ഥികള്‍ക്ക് ഫാദര്‍ മസ്‌ക്രിനാസ് വിവാദ ഇ മെയില്‍ അയച്ചത്. ബുദ്ധിയോടെ തിരഞ്ഞെടുക്കുക എന്ന സന്ദേശത്തോടെ അയച്ച ഇ മെയിലില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേര് എടുത്തു പറയുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാരിന്റെ പദ്ധതികളെ പ്രശംസിച്ചും ഗുജറാത്ത് വികസന മോഡല്‍ തള്ളിക്കൊണ്ടുമാണ് പ്രിന്‍സിപ്പാള്‍ കുട്ടികള്‍ക്ക് എഴുതിയിരിക്കുന്നത്.

കോളേജ് പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ സ്വാധീനിക്കാനുള്ള തെറ്റായ ശ്രമം കോളേജ് പ്രിന്‍സിപ്പാളിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി കോളേജിലെ ഒരു വിഭാഗം അധ്യാപകര്‍ പറയുന്നു. രാഷ്ട്രീയമായി വേര്‍തിരിവുകളോ സ്വാധീനമോ കാണിക്കാത്ത ചരിത്രമാണ് സെന്റ് സേവ്യേഴ്‌സ് കോളേജിന് ഉള്ളതത്രെ.
അതേസമയം, കുട്ടികള്‍ വോട്ട് ചെയ്തു എന്ന് ഉറപ്പുവരുത്തണം എന്ന് കോളേജുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നു എന്നും അതിന്റെ ഭാഗമായി കുട്ടികളോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത് എന്നും കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു. ഡെവലപ്‌മെന്റ് സ്റ്റഡീസാണ് താന്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്നും അതുകൊണ്ട് വികസന കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു എന്നേയുള്ളൂ എന്നും ഫാദര്‍ മസ്‌ക്രിനാസ് പറയുന്നു.












Click it and Unblock the Notifications