ഗുജ്ജൂസിനെ മുംബൈയ്ക്ക് പുറത്താക്കും: കോണ്‍ഗ്രസ് നേതാവ് റാണെ
മുംബൈ: ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ഉയര്‍ത്തിപ്പിടിച്ചിരുന്ന മണ്ണിന്റെ മക്കള്‍ വാദവുമായി കോണ്‍ഗ്രസും രംഗത്ത് ? ഗുജ്ജൂസിനെ മുംബൈയില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എ നിതീഷ് റാണെയാണ് ട്വിറ്ററില്‍ രംഗത്തെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ നാരായണ്‍ റാണെയുടെ മകനാണ് 32കാരനായ നിതീഷ് റാണെ.
സ്വച്ഛ് ഭാരത് അഭിയാനില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്കും ആഗ്രമുണ്ടെന്നും മറാത്തികളെ വെറുക്കുന്ന ഗുജ്ജൂസിനെ പുറത്താക്കിക്കൊണ്ട് വേണം ക്യാംപെയ്ന്‍ തുടങ്ങാന്‍ എന്നുമാണ് നിതീഷ് റാണെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മുംബൈയില്‍ മറാത്തികളെ എതിര്‍ക്കുന്ന ഗുജറാത്തികള്‍ ഒരുപാടുണ്ട് എന്നും അവരെയാണ് താന്‍ ഉദ്ദേശിച്ചത് എന്നുമാണ് നിതീഷ് നല്‍കുന്ന വിശദീകരണം.

ഇതാദ്യമല്ല നിതീഷ് റാണെ മുംബൈയിലെ ഗുജറാത്തികള്‍ക്കെതിരെ സമാനമായ വാക്കുകള്‍ ഉപയോഗിക്കുന്നത്. നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്ന മറാത്തികള്‍ക്ക് ഇഷ്ടത്തിന് താമസിക്കാന്‍ മുംബൈയില്‍ വീടുകള്‍ കിട്ടുന്നില്ല എന്ന് ഇയാള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഗുജറാത്തികള്‍ മുംബൈയില്‍ കൂടുന്നതാണത്രെ ഇതിന് കാരണം. നിതീഷ് റാണെയുടെ ട്വീറ്റിനെ ബി ജെ പി അടക്കമുള്ള കക്ഷികള്‍ വിമര്‍ശിച്ചു.
നിതീഷ് റാണെയുടെ നിലപാടുകള്‍ തള്ളിക്കളഞ്ഞെങ്കിലും ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഇനിയും തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം ഇതല്ല എന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് ഝാ പറഞ്ഞു. മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡണ്ട് മണിക് റാവും താക്കറെയും നിതീഷിന്റെ വാക്കുകളെ തള്ളിക്കളഞ്ഞു. എന്നാല്‍ തന്റെ അഭിപ്രായം മാറ്റാനോ ഖേദം പ്രകടിപ്പിക്കാനോ നീതീഷ് റാണെ തയ്യാറായിട്ടില്ല.












Click it and Unblock the Notifications