ലോക്‌സഭയില്‍ പിളര്‍ന്ന് ശിവസേന; 12 എംപിമാര്‍ ഷിന്‍ഡെ ക്യാമ്പില്‍ ചേര്‍ന്നു, ഉദ്ധവിന് വന്‍ തിരിച്ചടി
മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് വന്‍ തിരിച്ചടി നല്‍കി ലോക്‌സഭയില്‍ ശിവസേന പിളര്‍ന്നു. പന്ത്രണ്ട് ലോക്‌സഭാ എംപിമാര്‍ ഏക്‌നാഥ് ഷിന്‍ഡെ പക്ഷം ചേര്‍ന്നിരിക്കുകയാണ്. ലോക്‌സഭയിലെ ശിവസേന ഗ്രൂപ്പ് പിളര്‍ന്നിരിക്കുകയാണ്. ബാക്കിയുള്ള ആറ് എംപിമാര്‍ വേറെ ഗ്രൂപ്പായി ഇരിക്കേണ്ടി വരും. ഉദ്ധവ് താക്കറെ ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഖ്യത്തിലെത്താനായിരുന്നു ശ്രമിച്ചത്.
എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി നേതൃത്വം താല്‍പര്യം കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത് അടക്കമുള്ള നടപടികളില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും ഉദ്ധവുമായി അതൃപ്തിയിലായിരുന്നു. അതാണ് ഇപ്പോഴത്തെ പിളര്‍പ്പിലേക്ക് എത്തിയിരിക്കുന്നത്.

ഉദ്ധവിനൊപ്പം ആരും ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. സഞ്ജയ് റാവത്താണ് ഇതിന് പ്രധാന കാരണക്കാരനായി എല്ലാവരും കാണുന്നത്. അതേസമയം വിമത നേതാവും എംപിയുായ രാഹുല്‍ ഷെവാലെയെ പുതിയ. പാര്‍ലമെന്റ് നേതാവായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇത് പ്രഖ്യാപിച്ചത്. വിമത എംഎല്‍എമാര്‍ക്ക് പുതിയ സഭാ നേതാവിനെ പ്രഖ്യാപിക്കാന്‍ യാതൊരു അധികാരവുമില്ലെന്ന് ഉദ്ധവ് ക്യാമ്പിലെ എംപി അരവിന്ദ് സാവന്ത് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെയാണ് പുതിയ തീരുമാനം.

യവത്മല്‍-വാഷിം എംപിയായിരുന്ന ഭാവന ഗാവാലിയെ ചീഫ് വിപ്പായി വീണ്ടും നിയമിച്ചിട്ടുണ്ട്. നേരത്തെ ഉദ്ധവ് പക്ഷം ഇവരെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഈ പന്ത്രണ്ട് എംപിമാരും ഇനി പ്രത്യേക ബ്ലോക്കായി ലോക്‌സഭയില്‍ ഇരിക്കും. ഉദ്ധവ് പക്ഷത്ത് നിന്ന് വന്നവരെ അഭിനന്ദിക്കുന്നതായി ഷിന്‍ഡെ പറഞ്ഞു. ബാല്‍ താക്കറെയുടെ ആദര്‍ശങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ് ഇവരെന്ന് ഷിന്‍ഡെ പറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് ഇത്രയും എംപിമാര്‍ തനിക്കൊപ്പം ചേര്‍ന്നതെന്ന സഞ്ജയ് റാവത്തിന്റെ വാദങ്ങളെയും ഷിന്‍ഡെ തള്ളി.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കുടുക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് പലരും ഷിന്‍ഡെ പക്ഷത്തേക്ക് മാറുന്നതാണെന്ന് നേരത്തെ റാവത്ത് ആരോപിച്ചിരുന്നു. സഞ്ജയ് റാവത്തിന്റെ മാറ്റിനി ഷോ അവസാനിച്ചിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇനി ശ്രദ്ധിക്കേണ്ട കാര്യമൊന്നുമില്ലെന്നും ഷിന്‍ഡെ തുറന്നടിച്ചു. ശിവസൈനികരും മഹാരാഷ്ട്രയിലെ ജനങ്ങളും ബിജെപിയുമായുള്ള സഖ്യത്തെ അംകീകരിക്കുന്നുണ്ടെന്ന് ഷിന്‍ഡെ പറഞ്ഞു. പന്ത്രണ്ട് എംപിമാരും നേരത്തെ എന്‍സിപിയും കോണ്‍ഗ്രസുമായും പോരാടി ജയിച്ചവരാണ്. അങ്ങനെയുള്ളവര്‍ യഥാര്‍ത്ത സഖ്യത്തിലേക്ക് മടങ്ങി വന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാര്‍ലമെന്റില്‍ പ്രത്യേക ഗ്രൂപ്പായി ഇരിക്കില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. എന്‍ഡിഎയുടെ ഭാഗമായിരിക്കും ഈ എംപിമാര്‍. എന്‍ഡിഎ വിടാനുള്ള ഒരു കത്തും ശിവസേന മുമ്പ് നല്‍കിയിട്ടില്ല. യുപിഎയില്‍ ചേരുന്നുവെന്നും പറഞ്ഞിട്ടില്ല. ലോക്‌സഭയില്‍ ഞങ്ങള്‍ നേതാവിനെ മാറ്റിയിരിക്കുകയാണ്. എന്‍ഡിഎ കക്ഷിയായി തന്നെയാണ് നില്‍ക്കുന്നത്. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി പിന്തുണയ്ക്കുമെന്നും രാഹുല്‍ ഷെവാലെ പറഞ്ഞു. ഉദ്ധവ് താക്കറെ എംപിമാരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നില്ല. ഇപ്പോഴത്തെ നേതാവ് വിനായക് റാവത്തിനെതിരെ ഞങ്ങള്‍ പരാതി അറിയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഷെവാലെ പറഞ്ഞു.

ശരത് പവാറിന്റെ എന്‍സിപി പൊതു മിനിമം പരിപാടിയിലെ ഒരു കാര്യവും നടപ്പാക്കിയില്ലെന്ന് രാഹുല്‍ ഷവാലെ പറഞ്ഞു. അതിനെല്ലാം കാരണം അവര്‍ എടുത്ത നിലപാടുകളാണെന്നും അദ്ദേഹം തുറന്നടിച്ചു. സ്പീക്കറെ കണ്ട എംപിമാര്‍ നാല് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇവരെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കണം. പ്രത്യേക സീറ്റിംഗ് ലോക്‌സഭയില്‍ വേണം. ഗവാലിയെ പുതിയ ചീഫ് വിപ്പായി അംഗീകരിക്കുക. ഷെവാലെയെ പാര്‍ട്ടി നേതാവായി പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുക എന്നതായിരുന്നു ആവശ്യം. രേഖകള്‍ പരിശോധിച്ച സ്പീക്കര്‍ ഇത് അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications