മുംബൈയില്‍ അമ്പരിപ്പിച്ച് കൊവിഡ് വര്‍ധന, ഇന്ന് മാത്രം 10860 കേസുകള്‍, 34 ശതമാനത്തിന്റെ കുതിപ്പ്
മുംബൈ: ഒമൈക്രോണ്‍ ഹബ്ബായി മാറിയ മുംബൈയില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്നു. ഇന്ന് വന്‍ തോതിലാണ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്. 10860 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 34 ശതമാനമാണ് പ്രതിദിന കേസുകളുടെ വര്‍ധന. തിങ്കളാഴ്ച്ച 8082 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഈ കേസുകളില്‍ 89 ശതമാനവും പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതായിരുന്നു. പുതിയ 834 കേസുകള്‍ ആശുപത്രിയില്‍ അഡ്മിറ്റായവയാണ്. 52 രോഗികള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യവുമുണ്ട്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കേസുകള്‍ വര്‍ധിച്ച് വരുന്നതാണ് ആശങ്കപ്പെടുത്തുന്നത്. മുംബൈ അടക്കമുള്ള വന്‍ നഗരങ്ങളില്‍ കേസുകള്‍ വന്‍ തോതിലാണ് വര്‍ധിക്കുന്നതെന്ന് എന്ന് വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു.

ഒമൈക്രോണാണ് ഇപ്പോഴത്തെ തരംഗത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഒമൈക്രോണ്‍ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മുംബൈയിലാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകളില്‍ 9665 രോഗികളും കാര്യമായ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തവരാണ്. ഇതുവരെ അഞ്ഞൂറില്‍ അധികം ഒമൈക്രോണ്‍ കേസുകള്‍ മഹാരാഷ്ട്രയിലുണ്ട്. മുംബൈ നഗരത്തില്‍ കൊവിഡ് കേസുകളുടെ സുനാമി തന്നെയുണ്ടായാലും നേരിടാന്‍ സജ്ജമാണെന്ന് മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ എല്ലാ മാനദണ്ഡങ്ങളും ഞങ്ങള്‍ പിന്തുടരുന്നുണ്ട്. എല്ലായിടത്തും ജംബോ ക്വാറന്റീന്‍ സെന്ററുകളുണ്ട്. മഹാരാഷ്ട്രയും മുംബൈയും ഒരുപോലെ തയ്യാറെടുത്ത് കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.
മുംബൈയില്‍ നിലവില്‍ 47000 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതില്‍ 4491 രോഗികള്‍ ആശുപത്രിയിലാണ്. 16 കണ്ടെയിന്‍മെന്റ് സോണുകള്‍ ഇതുവരെ നഗരത്തിലുണ്ട്. 369 കെട്ടിടങ്ങള്‍ സീല്‍ ചെയ്തിട്ടുണ്ട്. അതേസമയം പ്രതിദിന കൊവിഡ് കേസുകള്‍ ഇരുപതിനായിരം കടന്നാല്‍മുംബൈയില്‍ ലോക്ഡൗണ്‍ കൊണ്ടുവരുമെന്ന് മേയര്‍ കിഷോരി മുന്നറിയിപ്പ് നല്‍കി. ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകള്‍ ധരിക്കാന്‍ ശ്രമിക്കണം. ബസ്സിലും ട്രെയിനുകളും ഇത്തരം സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടാവണമെന്നും മേയര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടുത്ത ദിവസം തന്നെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും കിഷോരി വ്യക്തമാക്കി.
ഗോവയില്‍ നിന്ന് ക്രൂയിസ് ഷിപ്പില്‍ നിന്ന് മുംബൈയില്‍ എത്തുന്നവരെ ബിഎംസി ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കും. ഇവരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള സെന്ററുകളില്‍ ക്വാറന്റീനിലാക്കുകയും ചെയ്യും. ഇവര്‍ പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ ഹോട്ടലുകളില്‍ തന്നെ ക്വാറന്റീന്‍ സൗകര്യം ഒരുക്കും. ക്രൂയിസ് ഷിപ്പിലെ രണ്ടായിരം ആളുകളില്‍ 66 ആളുകല്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഗോവയില്‍ നിന്ന് മുംബൈയിലേക്ക് മടക്കി അയച്ചിട്ടുണ്ട്. ഇവരില്‍ കുറച്ച് പേര്‍ ആരോഗ്യ കേന്ദ്രത്തില്‍ അഡ്മിറ്റാവാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ബിഎംസി നഗരത്തിലെ സാഹചര്യം പരിശോധിക്കുന്നുണ്ട്. കേസുകള്‍ ഉയര്‍ന്ന് 20000 കടന്നാല്‍ ലോക്ഡൗണ്‍ വരുമെന്നും മേയര്‍ പറഞ്ഞു.












Click it and Unblock the Notifications