സമീര്‍ വാങ്കഡെ ദില്ലിയിലേക്ക്? മുംബൈയില്‍ നിന്ന് മാറ്റം, 26 കേസുകളും അന്വേഷിക്കണമെന്ന് മാലിക്
മുംബൈ: ആര്യന്‍ ഖാന്റെ കേസില്‍ വീണ്ടുമൊരു വഴിത്തിരിവായി സമീര്‍ വാങ്കഡെയുടെ മാറ്റം. അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്ത് നിന്ന് വാങ്കഡെയെ മാറ്റിയത് പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ ദില്ലിയിലേക്ക് അദ്ദേഹം മാറുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സമീര്‍ വാങ്കഡെയെ ദില്ലിയിലേക്ക് മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുംബൈ പോലീസ് സമീറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. അറസ്റ്റ് വരെ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് ദില്ലിയിലേക്ക് മാറുന്നുവെന്ന സൂചന. ദില്ലിയിലേക്ക് പോയാല്‍ കേന്ദ്ര സര്‍ക്കാരിന് മൂക്കിന്‍ തുമ്പത്ത് തന്നെ കാര്യങ്ങള്‍ നടക്കും. ഇത് കേസില്‍ നിന്ന് സമീറിന് സംരക്ഷണം നല്‍കുമെന്നാണ് കരുതുന്നത്.

അതേസമയം ദില്ലിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്‍സിബിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല. ദില്ലിയില്‍ നിന്നുള്ള ഓഫീസര്‍ സഞ്ജയ് സിംഗാണ് ആര്യന്റെ ഖാന്റെ കേസ് ഇനി അന്വേഷിക്കുക. അഞ്ച് കേസുകളില്‍ നിന്നാണ് സമീര്‍ വാങ്കഡെയെ മാറ്റിയത്. മൊത്തം 26 കേസുകള്‍ സമീര്‍ അന്വേഷിച്ചിരുന്നുവെന്നും, അതെല്ലാം വീണ്ടും അന്വേഷിക്കേണ്ടതുണ്ടെന്നും നവാബ് മാലിക് പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. ഒരുപാട് കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. അന്വേഷണത്തിലൂടെ ഞങ്ങള്‍ അത് പുറത്തുകൊണ്ടുവരുമെന്നും മാലിക് വ്യക്തമാക്കി. കേസില്‍ തന്നെയാരും മാറ്റിയതല്ലെന്ന് സമീര്‍ വാങ്കഡെ പറയുന്നു.
സമീര്‍ വാങ്കഡെയ്‌ക്കെതിരെയുള്ള അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എന്‍സിബി പറയുന്നു. മുംബൈ മയക്കുമരുന്ന് കേസിലെ നടപടി ശരിയായിരുന്നു. സമീറിന് ക്ലീന്‍ റെക്കോര്‍ഡാണ് ഉള്ളത്. വളരെയധികം പരിചയസമ്പത്തും മയക്കുമരുന്ന് കേസിലുണ്ട്. ഒരുപാട് കേസ് അദ്ദേഹം കൈകാര്യം ചെയ്തത് കൊണ്ട് ചില കേസുകള്‍ അദ്ദേഹത്തില്‍ നിന്ന് മാറ്റുകയാണ് ചെയ്തത്. അധികവും അന്താരാഷ്ട്ര സ്വഭാവമുള്ളവയാണ്. സമീര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളയാളാണ്. അദ്ദേഹത്തിന്റെ മികവിനെ മാനിക്കുന്നു. ഇതുവരെ അദ്ദേഹം തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയിട്ടില്ലെന്നും എന്‍സിബി പറഞ്ഞു.
ആര്യന്റെ കേസുകള്‍ അടക്കം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുക. ഇതിനിടെ ബിജെപി നേതാവ് നിതേഷ് റാണയും സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. മയക്കുമരുന്ന് കേസ് എന്നത് ഒരു എന്‍സിബി ഉദ്യോഗസ്ഥനെ സംബന്ധിക്കുന്ന കാര്യമല്ല. ഒരു സമീര്‍ വാങ്കഡെ പോയാല്‍ തീരുന്നതല്ല. ഭാവിയിലെ തലമുറയെ മയക്കുമരുന്നില്‍ നിന്ന് മോചിപ്പിക്കാനുള്ള പോരാട്ടമാണ്. എന്‍സിബിയെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ബിജെപി നേതാവ് നിതേഷ് റാണ ആവശ്യപ്പെട്ടു. അതേസമയം താനിപ്പോഴും സോണല്‍ ഡയറക്ടര്‍ തന്നെയാണെന്നും ആരും മാറ്റിയില്ലെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.












Click it and Unblock the Notifications